തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചു തകര്‍ക്കുന്ന മന്ത്രി ആര്‍.ബിന്ദുവിനെ തെരുവില്‍ തടയുമെന്ന് കെ.എസ്.യു. അധികാര ദുര്‍വിനിയോഗം നടത്തി പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഡോ. ആര്‍.ബിന്ദു അടിയന്തരമായി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. നിയമനത്തില്‍ മന്ത്രിയുടെ വഴിവിട്ട ഇടപെടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സംസ്ഥാനത്തെ 66 ഗവണ്‍മെന്റ് കലാലയങ്ങളില്‍ പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകളുണ്ട്.
ഒഴിവുകളില്‍ നിയമനം നടത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പി.എസ്.സി അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ല. ഇത് തങ്ങളുടെ ഇഷ്ടക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്ന കാരണത്താലാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു. പ്രിന്‍സിപ്പല്‍ നിയമനത്തിലെ മന്ത്രിയുടെ ഇടപെടല്‍ നേരത്തെ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഉന്നത വിദ്യാഭാസ മേഖലയുടെ നിലവാരത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന കെ.എസ്.യു നിലപാട് കൂടുതല്‍ ശരിവെക്കുന്നതാണ് പ്രിന്‍സിപ്പല്‍ നിയമനത്തിലെ മന്ത്രിയുടെ ഇടപെടല്‍ ശരി വെക്കുന്ന വാര്‍ത്തകളെന്നും, വിഷയത്തില്‍ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.