കാരശ്ശേരി : വരന്റെ കൈപിടിച്ച് നിക്കാഹിന് നില്‍ക്കേണ്ട ഷിഫ കല്യാണം മാറ്റിവെച്ച് കൊറോണ രോഗികളെ ചികിത്സിക്കുന്നു. ആടയാഭരണങ്ങളും അണിഞ്ഞ് വരന്റെ കൈപിടിച്ച് സ്റ്റേജില്‍ നില്‍ക്കേണ്ട ഡോ. ഷിഫ എം മുഹമ്മദ് ഇപ്പോള്‍ സ്‌റ്റെതസ്‌കോപ്പും മുറുകെ പിടിച്ച് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കര്‍മനിരതയാണ്. ഷിഫയുടെ വിവാഹം നിശ്ചയിച്ച് എല്ലാ തയ്യാറെടുപ്പുകളും നടത്തി വരുമ്പോഴായിരുന്നു കൊറോണ വൈറസ് വ്യാപനം. ഇതോടെ ഇപ്പോള്‍ വിവാഹമല്ല, കൊറോണയ്ക്കെതിരായ പ്രതിരോധവും ചികിത്സയുമാണ് തന്റെ മുഖ്യകടമയെന്ന് ഷിഫ നിലപാടെടുക്കുകയായിരുന്നു.
മകളുടെ മഹാമനസ്‌കത മനസ്സിലാക്കിയ കുടുംബം ഇതിനെ അഭിമാനത്തോടെ പിന്തുണയ്ക്കുകയും ചെയ്ചു. വരന്റെ വീട്ടുകാരും യോജിച്ചതോടെ ഞായറാഴ്ച നടത്താനിരുന്ന വിവാഹം നീട്ടിവെയ്ക്കുകയും ചെയ്തു. നവവധുവാകേണ്ട ഡോ. ഷിഫ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്.
എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ മുക്കം ഹമ്മദിന്റെയും സുബൈദയുടെയും മകളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനായ ഡോ. ഷിഫ. വലിയപൊയില്‍ സാലിബ് ഖാന്‍റെയും സൗദാ ബീവിയുടെയും മകന്‍ അനസ് മുഹമ്മദുമായുള്ള വിവാഹം മാര്‍ച്ച് 29ന് ഞായറാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചത്. ക്ഷണക്ക ത്തും തയ്യാറാക്കി, ഒരുക്കങ്ങളും നടത്തി. അതിനിടയിലാ ണ് കൊറോണ വൈറസ് ബാധ പടരുന്നതും ലോക് ഡൗണ്‍ അടക്കമുള്ള അടിയന്തര സാഹചര്യത്തിലേക്ക് നാട് മാറിയതും. ശേഷം തന്റെ ചുമതലകളിലേയ്ക്ക് കടക്കുകയായിരുന്നു ഇവര്‍.