ചെന്നൈ: ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയിലേക്ക് പാലം നിര്‍മിക്കുന്നതിനുള്ള സാധ്യത കൂടുതല്‍ വർധിക്കുന്നു. 40,000 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാധ്യത പഠനം അന്തിമ ഘട്ടത്തിലാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് സംബന്ധിച്ചുള്ള ആദ്യഘട്ട പനം പൂര്‍ത്തിയായെന്നും അന്തിമഘട്ട പഠനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിക്രമസിംഗെയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. 2023 ജുലായില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയപ്പോള്‍ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പുതിയതായി അധികാരമേറ്റ ഇന്ത്യന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഈ മാസം നടത്തുന്ന ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും.
ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലെ ട്രിങ്കോമാലി, കൊളംബോ തുറമുഖം എന്നിവിടങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് ശ്രീലങ്ക മുന്നോട്ടുവയ്ക്കുന്നത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും തലൈമന്നാറിലേക്ക് പോകുന്ന പാലത്തിന് 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പാക് കടലിടുക്കിന് കുറുകെ വാഹനങ്ങള്‍ക്ക് പോകാനുള്ള റോഡും റെയില്‍വേ ലൈനുമാണ് വിഭാവനം ചെയ്യുന്നത്. 40,000 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കുന്ന പദ്ധതിക്ക് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് അടക്കമുള്ളവര്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.