കോന്നി : കുമ്മണ്ണൂർ പത്തേക്കർമുരുപ്പ് ഹരിജൻ സെറ്റിൽമെന്റ് കോളനി ഭാഗത്ത് വാട്ടർ അതോറിറ്റി കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഐരവൺ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ഇരുപത് ദിവസത്തിലേറെയായി ഈ പ്രദേശത്തേക്കുള്ള ജലവിതരണം നിലച്ചിട്ട്. നിരവധി പരാതികള്‍ പറഞ്ഞിട്ടും വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ഭാഗത്തുനിന്നും തികഞ്ഞ നിസ്സംഗതയാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്നാണ് സി.പി.ഐ സമരവുമായി മുന്നിട്ടിറങ്ങിയത്. കോന്നി പോലീസും വാട്ടർ അതോറിറ്റി അധികൃതരും സമരക്കാരുമായി ചര്‍ച്ച നടത്തിയത്തിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. കുടിവെള്ളമെത്തിക്കുന്ന പൈപ്പുകളുടെ തകരാർ അടിയന്തിരമായി പരിഹരിച്ച് പ്രദേശത്തേക്ക് കുടിവെള്ളമെത്തിക്കുമെന്നും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സമരക്കാര്‍ക്ക് ഉറപ്പ് നൽകി.
സി പി ഐ ഐരവൺ ലോക്കൽ സെക്രട്ടറി വിജയ വിൽസൺ, ഗ്രാമപഞ്ചായത്തംഗം രാജൻ, മണിയമ്മ, സന്തോഷ്, റെജി, അഷ്റഫ്, മുരളി തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്‍കി.