പത്തനംതിട്ട : കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ആവശ്യത്തിന് അനുസൃതമായി കുടിവെള്ള വിതരണം നടത്തുന്നതിനായി തനത്/പ്ലാന്‍ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.
മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.50 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 11 ലക്ഷം രൂപയും കോര്‍പറേഷന് 16.50 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി ചെലവഴിക്കാം. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 16.50 ലക്ഷം രൂപയും കോര്‍പറേഷന് 22 ലക്ഷം രൂപയും ചെലവഴിക്കാം. നിശ്ചയിച്ചിട്ടുള്ള പരമാവധി തുക അധികരിക്കുന്ന രീതിയിലുള്ള കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയം ആവശ്യത്തിന് അനുസൃതമായി കുടിവെള്ള വിതരണം നടത്തണം. ചെലവഴിക്കുന്ന തുകയുടെ പൂര്‍ണമൂല്യം ഉറപ്പു വരുത്തണം. നിലവില്‍ ദുരന്തനിവാരണ വകുപ്പ് മുഖേന സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ ഫണ്ട് ഉപയോഗിച്ച് ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്താം. ജില്ലാതല റവന്യു അധികാരികള്‍ക്ക് കുടിവെള്ള വിതരണം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ജിപിഎസ് ട്രാക്കിംഗിനുള്ള സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവികള്‍ ഏര്‍പ്പെടുത്തണം. ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പു വരുത്തിയ ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിമാര്‍ ചെലവ് തുക വിനിയോഗിക്കണം. സുതാര്യവും കാര്യക്ഷമവുമായി പരാതികള്‍ക്കിടയില്ലാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് തദ്ദേശ വകുപ്പിന്റെ ജില്ലാതല മേധാവി ഉറപ്പുവരുത്തി ഓരോ രണ്ടാഴ്ചയിലും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. കുടിവെള്ള വിതരണം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പിന്റെ നിബന്ധനകള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.