കോന്നി : വേനൽ കടുത്തത്തോടെ ആരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ ഐരവണിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഗ്രാമ പഞ്ചായത്തിലെ മാളാപ്പാറ ശുദ്ധജല പദ്ധതിയിൽ നിന്നുമാണ് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ അറുപത് വർഷത്തോളം പഴക്കമുള്ള ശുദ്ധജല പദ്ധതിയിൽ നിന്ന് പ്രദേശത്തെ എല്ലാ സ്ഥലങ്ങളിലേക്കും കുടിവെള്ളം പമ്പുചെയ്യുന്നതിനും സാധിക്കുന്നില്ല. ഇടക്കിടെ മോട്ടോർ തകരാറിലാകുന്നതും പതിവാണ്. കോന്നി മെഡിക്കൽ കോളേജിനും ഇവിടെ നിന്നും വെള്ളം പമ്പു ചെയ്യുന്നുണ്ട്. എന്നാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കോന്നി മെഡിക്കൽ കോളേജിന് ആവശ്യമായ വെള്ളം പമ്പ് ചെയ്യുമ്പോൾ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അതോടൊപ്പം തന്നെ പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇതും നടപ്പിലായില്ല.
പഞ്ചായത്തിലെ പതിനാല്, പതിനഞ്ച് വാർഡുകൾ അടക്കം ഇപ്പോൾ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഐരവൺ കുമ്മണ്ണൂർ, ആനകുത്തി, നെടുംപാറ, പ്രിയദർശനി കോളനി, മുളന്തറ, മുളകുകൊടിത്തോട്ടം, ഇരുപതേക്കർ തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഇപ്പോൾ കുടിവെള്ളം ലഭിക്കാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. അഞ്ഞൂറിൽ അധികം കടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ കുടുംബങ്ങളിൽ ഭൂരിഭാഗവും വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകളെ ആശ്രയിച്ചാണ് ശുദ്ധജലം കണ്ടെത്തുന്നതും. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.