കോന്നി : കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡും ഉയർന്ന പ്രദേശങ്ങളിൽ ഒന്നുമായ ആവോലിക്കുഴിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കോന്നി താഴം ശുദ്ധജല പദ്ധതിയിൽ നിന്നുമാണ് ആവോലിക്കുഴിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നതെന്നതിനാൽ രൂക്ഷമായ ജല ക്ഷാമമാണ് നേരിടുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. കോന്നി അതുമ്പുംകുളം മുതൽ ആവോലിക്കുഴി വരെ നിരവധി വീടുകൾ ഉണ്ട്. പ്രദേശത്തെ കിണറുകൾ എല്ലാം വറ്റി ജലക്ഷാമം രൂക്ഷമായതോടെ വലിയ വില കൊടുത്ത് പുറത്ത് നിന്നുമാണ് ആളുകൾ കുടിവെള്ളം വാങ്ങുന്നത്. 500 ലിറ്റർ വെള്ളത്തിന് ആയിരം രൂപയോളം ആണ് വിലവരുന്നത്. ഇത് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ തീരുമെന്നും വീട്ടുകാർ പറയുന്നു.
പ്രദേശത്തെ കർഷകരും ജലക്ഷാമം മൂലം ബുദ്ധിമുട്ട് നേരിടുകയാണ്. കാർഷിക വിളകൾ പലതും വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങുന്നുണ്ട്. ഉയർന്ന പ്രദേശം ആയതിനാൽ തന്നെ മാസങ്ങൾക്ക് മുൻപ് തന്നെ പ്രദേശത്തെ കിണറുകൾ എല്ലാം വറ്റിപോയിരുന്നു. പൊതു ടാപ്പുകളിൽ വരുന്ന വെള്ളത്തിനായുള്ള കാത്തിരിപ്പ് ആഴ്ചകൾ നീളാറുണ്ട് എന്നും ഇവർ പറയുന്നു. പല വീടുകളും പൈപ്പ് ലൈനുകളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. കോന്നി ഗ്രാമ പഞ്ചായത്തിൽ പെടുന്ന ഈ പ്രദേശത്ത് ഗ്രാമ പഞ്ചായത്തും കുടിവെള്ളം എത്തിച്ചു കൊടുക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. കന്നുകാലി കർഷകരും ബുദ്ധിമുട്ടിലാണിപ്പോൾ. കന്നുകാലികൾക്ക് ആവശ്യമായ കുടിവെള്ളം പോലും ലഭിക്കാതെയായിട്ടുണ്ട്. കോന്നിയുടെ പല പ്രദേശങ്ങളിലും വേനൽ മഴ ലഭിച്ചിട്ടും ആവോലിക്കുഴി ഭാഗത്ത് മഴ ലഭിക്കാതെ വന്നതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കി.