കോന്നി: മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് മൂന്നാഴ്ചയായി നിലച്ച മൈലപ്ര പഞ്ചായത്തിലെ കണ്ണമ്പാറ കുടിവെള്ള പദ്ധതിയില്‍ നിന്നും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണം എന്ന് സി പി ഐ മൈലപ്ര ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. കേരള വാട്ടര്‍ അതോറിട്ടി കണ്ണമ്പാറയില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതിയുടെ മോട്ടര്‍ കേടായിട്ട് മൂന്ന് ആഴ്ച കഴിഞ്ഞു. നാട്ടുകാര്‍ നിരവധി തവണ വിഷയത്തില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. മോട്ടര്‍ പമ്പ് തകരാറിനെ തുടര്‍ന്ന് നന്നാക്കുവാന്‍ അഴിച്ച് കൊണ്ട് പോവുകയും ചെയ്തു. അച്ചന്‍കോവില്‍ ആറ്റിലെ കുമ്പഴയില്‍ നിന്നും പമ്പ് ചെയ്യുന്ന കുടിവെള്ളം മൈലപ്ര കണ്ണമ്പാറ വാട്ടര്‍ ടാങ്കില്‍ എത്തിച്ചാണ് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. ഇവിടെ നിന്നും ചീങ്കല്‍തടം ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന മോട്ടോര്‍ ആണ് തകരാറില്‍ ആയത്.
പത്തരപടി, കാറ്റാടി, വലിയതറ, മേരിഗിരി, ചീങ്കല്‍തടം, കുളത്താനി, ചക്കാലേത്ത്, ഓലിക്കല്‍ പടി, കോടിയാട്ട് പടി, പത്തിശ്ശേരി, ചേറാടി, കോട്ടപ്പാറ, കണ്ണന്തോട്ട് പടി, നാല്‍ക്കാലിപടി എന്നീ പ്രദേശങ്ങളിലേക്ക് ഈ കുടിവെള്ള പദ്ധതിയില്‍ നിന്നും എത്തുന്ന വെള്ളമാണ് ജനങ്ങള്‍ക്ക് ഏക ആശ്രയം. സ്വന്തമായി കിണറില്ലാത്ത നിരവധി സാധാരണക്കാരാണ് വാട്ടര്‍ അതോറിട്ടി കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് മാത്രം ജീവിക്കുന്നത്. മൂന്നാഴ്ച്ചയായി കുടിവെള്ളം ലഭിക്കാതെ വന്നതിനാല്‍ വലിയ വില കൊടുത്ത് ടാങ്കുകളില്‍ വെള്ളം എത്തിക്കേണ്ട അവസ്ഥയില്‍ ആണ് നാട്ടുകാര്‍. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പട്ട് നാട്ടുകാര്‍ നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. മൈലപ്ര – കണ്ണമ്പാറ വാട്ടര്‍ ടാങ്കില്‍ നിന്നുള്ള കുടിവെള്ള വിതരണം ഉടന്‍ പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം എന്ന് സി പി ഐ മൈലപ്ര ലോക്കല്‍ കമ്മറ്റി സെക്രട്ടറി റ്റി കെ സോമനാഥന്‍ നായര്‍,സി പി ഐ ലോക്കല്‍ കമ്മറ്റി അംഗം കെ മോഹനന്‍ മൈലപ്ര എന്നിവര്‍ ആവശ്യപ്പെട്ടു.