പത്തനംതിട്ട : ഒന്നര വര്‍ഷത്തിനുള്ളില്‍ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തുന്ന നിയോജകമണ്ഡലമായി ആറന്മുള മാറുമെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ആറന്മുള നിയോജക മണ്ഡലം നവകേരള സദസ്സില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകള്‍ മണ്ഡലത്തിലുണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ ഇന്ന് സര്‍ക്കാറിനായിട്ടുണ്ട്. 796.44 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആറന്മുള നിയോജക മണ്ഡലത്തില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ആവിഷ്‌കരിച്ചതോടെ മണ്ഡലത്തിലെ വികസനം വേഗത്തിലാക്കാന്‍ സാധിച്ചു. കിഫ്ബി ഫണ്ടില്‍ 11.5 കോടി രൂപ വകയിരുത്തി പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിച്ചുകൊണ്ട് കുടിവെള്ളക്ഷാമത്തിന് അറുതി വരുത്തി. ജനങ്ങള്‍ക്കുണ്ടായി വന്ന നിരാശയുടെ അനുഭവങ്ങള്‍ മാറ്റി ആറന്മുളയുടെ നല്ല ഭാവിക്കായി നമ്മെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് 2016 -ല്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു.
ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ആശ്വാസത്തോടെയും ചൂണ്ടികാണിക്കാവുന്ന വികസനമാണ് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബ്. ഹൃദ്രോഗചികിത്സക്കായി കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്യേണ്ടിയിരുന്ന ജനതക്ക് ഇന്ന് ചികിത്സാ സൗകര്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലഭ്യമാണ്. ആര്‍ദ്രം മിഷനിലൂടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കാത് ലാബ് യാഥാര്‍ഥ്യമാക്കിയത്. ഇന്ന് 4900ല്‍ അധികം ഹൃദ്രോഗ ചികിത്സകള്‍ നടത്തി സംസ്ഥാനതലത്തില്‍ തന്നെ ഒന്നാമതാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ്. 49 കോടി രൂപ ചെലവില്‍ രണ്ട് പുതിയ ബ്ലോക്കുകളുടെയും നിര്‍മാണം നടക്കുകയാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 30 കോടി രൂപ മുടക്കി നിര്‍മിച്ച പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജ് പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ഡലത്തിലെ നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്താനും ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സാധിച്ചെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് നിന്നും പ്രധാന ഓഫീസുകള്‍ മാറിപ്പോകുന്ന കാഴ്ചയാണ് 2016ന് മുന്‍പ് കണ്ടിരുന്നത്. എന്നാല്‍ ഏഴര വര്‍ഷത്തില്‍ ഒരു ഓഫീസ് പോലും മാറ്റി സ്ഥാപിച്ചിട്ടില്ലെന്ന് മാത്രമല്ല, പുതിയ ഓഫീസുകള്‍ തുറക്കാനും സാധിച്ചു. വനിതാ-ശിശു വികസന വകുപ്പിന്റെ വനിതാ വികസന കോര്‍പ്പറേഷന്റെ ഓഫീസ് ജില്ലയില്‍ ആരംഭിച്ചു. ഇതുവഴി ജില്ലയിലെ സ്ത്രീകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാനും അവരുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ സാധ്യമാക്കുന്നതിനായി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനും സാധിച്ചു. ഓരോ വീട്ടിലും ഒരാള്‍ക്കെങ്കിലും തൊഴില്‍ എന്നത് 2021ലെ പ്രകടന പത്രികയില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇതിന്റെ ഭാഗമായി പരമാവധി വായ്പ്പകള്‍ ഏറ്റവും കുറഞ്ഞ വായ്പാ നിരക്കില്‍ വനിതകള്‍ക്ക് നല്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2016 ന് മുന്‍പ് ബിഎം ആന്‍ഡ് ബിസി ടാറിങ് ചെയ്ത റോഡുകള്‍ ഒന്നും തന്നെ ഇല്ലായിരുന്ന ആറന്മുളയില്‍ ഇന്ന് 45 റോഡുകളാണ് ഉന്നതനിലവാരത്തില്‍ നവീകരിച്ചിട്ടുള്ളത്. 569 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പിഡബ്‌ള്യുഡി റോഡ്സ് ഡിവിഷനില്‍ മാത്രം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ചെയ്തിട്ടുള്ളത്. ആറന്മുള ക്ഷേത്രത്തിന് താഴെ പമ്പാനദിക്ക് കുറുകേയുള്ള ആഞ്ഞിലിമൂട്ടില്‍ കടവ് പാലം വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു. ഇതുപോലെ നിരവധി പാലങ്ങള്‍ മണ്ഡലത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചു. കടമ്മനിട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നാരങ്ങാനം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നെല്ലിക്കാല, തുമ്പമണ്‍ താഴം, കോഴഞ്ചേരി, വള്ളംകുളം, വെട്ടിപ്രം, ഓമല്ലൂര്‍ തുടങ്ങി നിരവധി വിദ്യാലയങ്ങളും നവീകരിച്ചു. ആറന്‍മുളയും മലപ്പുഴശ്ശേരിയും തൊട്ടപ്പുഴശ്ശേരിയും കോയിപ്രവും ഓമല്ലൂരും അടക്കമുള്ള വിവിധ പഞ്ചായത്തുകളില്‍ തരിശായി കിടന്ന പാദങ്ങളില്‍ നെല്‍കൃഷി ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ഏറ്റവുമധികം പേര്‍ക്ക് ധനസഹായം വിതരണം ചെയ്ത മണ്ഡലമാണിത്. ആറന്മുളയെ വലച്ച വികസനമുരടിപ്പില്‍ നിന്ന് രക്ഷ നേടുന്നതിനാണ് 2016ല്‍ ജനം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കി വിജയിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
അബാന്‍ മേല്‍പ്പാലത്തിന്റെ മൂന്നാം സ്പാനിന്റെ നിര്‍മാണം പൂര്‍ത്തിയായി, സ്ഥലം ഏറ്റെടുക്കലിന്റെ പണം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്. ഒന്നര വര്‍ഷത്തെ കേസ് നടപടികള്‍ക്ക് ശേഷം കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാന്‍ തയാറാണ്. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും സിന്തറ്റിക് ട്രാക്ക് അടക്കമുള്ള സൗകര്യങ്ങളോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. ഈ വികസനപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സദസ്സില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, കൃഷി മന്ത്രി പി പ്രസാദ് എന്നിവര്‍ സംസാരിച്ചു. നവകേരള സദസ്സ് സംഘാടക സമിതി വൈസ് ചെയര്‍മാന്മാരായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എംഎല്‍എമാരായ എ. പദ്മകുമാര്‍, കെ.സി രാജഗോപാല്‍, പത്തനംതിട്ട നഗരസഭാധ്യക്ഷന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, നവകേരള സദസ്സിന്റെ ജില്ലാതല സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ ഷിബു, കണ്‍വീനര്‍ കൂടിയായ എഡിഎം ബി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.