ഡെറാഡൂൺ: കടുവയെ പ്രകോപിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ദേശീയോദ്യാനത്തിലെ സഞ്ചാര പാതയിൽ കടുവയെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികളിൽ ഒരാൾ ഒച്ചവെച്ചു. പിന്നാലെ കടുവയുടെ ചിത്രവും ദൃശ്യങ്ങളും പകർത്താൻ ഡ്രൈവർ വാഹനം കടുവക്ക് അരികിൽ നിർത്തി.
മാത്രമല്ല, ശബ്ദമുണ്ടാക്കി കടുവയെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇതോടെ കടുവ വാഹനത്തിനുനേർക്ക് പാഞ്ഞടുക്കുകയും ചെയ്യുന്നതായിരുന്നു വൈറലായ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഡ്രൈവര്‍ അഫ്താബ് ആലം ആണ് അറസ്റ്റിലായത്. ഐ.എഫ്.എസ് ഓഫീസർ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും സന്ദർശിക്കുമ്പോൾ നിയമങ്ങൾ പാലിക്കാത്തതിൽ നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു.