തിരുവനന്തപുരം : ഇന്നലെ നേര്യമംഗലത്തിന് സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. അപകടത്തിൽ യാത്രക്കാരിയായ 14 കാരി മരണപ്പെടുകയും 21 യാത്രക്കാർക്കും കണ്ടക്ടർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. കുമളി യൂണിറ്റിലെ RSC 598 ബസ്സ് ആണ് മറിഞ്ഞത്. അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുമളി യൂണിറ്റിലെ ഡ്രൈവർ കെ.ആർ മഹേഷിൻ്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുന്നതിലേക്കായി
സ്റ്റേറ്റ് ലെവൽ ആക്സിഡൻറ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുകയാണ്. ഇനിയും ഇത്തരത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ, അശ്രദ്ധകൊണ്ടോ അപകടം സംഭവിക്കുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നക്കുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. റോഡ് സൈഡിലെ ക്രഷ് ബാരിയറിൽ ഇടിച്ചുകയറിയ ബസ്സ് 10 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം. ബസ്സിലെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടി ഗ്ലാസ്സിലൂടെ തെറിച്ചുവീഴുകയും പെൺകുട്ടിയുടെ ദേഹത്തുടെ ബസിന്റെ ടയർ കയറിയിറങ്ങുകയും ബസ്സിനടിയിൽ കുടുങ്ങുകയുമായിരുന്നു. കട്ടപ്പന സ്വദേശിനിയായ അനീറ്റ ബെന്നിയാണ് അപകടത്തിൽ മരിച്ചത്.