കോഴിക്കോട് : കോഴിക്കോട് മദ്യലഹരിയിൽ ഓട്ടോ ഡ്രൈവറെ മർദിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിൻ, ക്ലർക്ക് അരുൺ എന്നിവർക്കെതിരെ കസബ പോലീസാണ് കേസെടുത്തത്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
ഓട്ടോ കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്നലെ രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിലാണ് ഫ്രാൻസിസ് റോഡ് സ്വദേശിയായ ഓട്ടോ ഡ്രൈവർ അജ്മൽ നാസിയെ ഇരുവരും ചേർന്ന് മർദിച്ചത്. പോലീസാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. മദ്യപിച്ച് ലക്കുകെട്ട ഇരുവരെയും നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവറുടെ പരാതിയിൽ ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിൻ, ക്ലർക്ക് അരുൺ എന്നിവർക്കെതിരെ മർദിച്ചതിനും തടഞ്ഞുവെച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് വിവിധ വകുപ്പുകൾ ചുമത്തി കസബ പോലീസ് കേസെടുത്തത്. ഇരുവരെയും രാത്രി കസ്റ്റഡിയിലെടുത്ത പോലീസ് വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രാത്രി നഗരത്തിൽ ജോലിയെടുക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെട്ടു.