തിരുവനന്തപുരം : സ്ഥിരമായി അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ ഇനി കരിമ്പട്ടികയില്‍. തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം.
അപകടത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ് വെയറിലാണ് ഉള്‍പ്പെടുത്തുക. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത്. ഇവ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നല്‍കും.
ഇതോടെ രാജ്യത്തെവിടെയും നടക്കുന്ന അപകടങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലേക്കുവരും. വാഹനങ്ങള്‍ ഏതൊക്കെ സ്ഥലത്തുവെച്ച് അപകടത്തില്‍പ്പെട്ടാലും ഒറ്റതിരച്ചിലില്‍ അറിയാം. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചതെന്ന വിവരവും ലഭിക്കും. അപകടത്തിന്റെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുന്ന ഈ സോഫ്റ്റ്‌വേര്‍, വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് വിതരണ സോഫ്റ്റ്‌വേറുകള്‍ക്കും (വാഹന്‍-സാരഥി) വിവരങ്ങള്‍ കൈമാറുന്നവിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.