കൊച്ചി : ലോക്ഡൗണ്‍ കഴിഞ്ഞ് ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചിട്ടും ലൈസന്‍സെടുക്കാനാവില്ല. പുതിയ നിബന്ധനപ്രകാരം ടെസ്റ്റിനു ഹാജരാക്കേണ്ട സാക്ഷ്യപത്രം കിട്ടാത്തതാണ് കാരണം. വണ്ടിയോടിക്കാന്‍ പഠിച്ച്, ടെസ്റ്റിനു തീയതി കിട്ടിയിട്ടും അതിനു ഹാജരാകാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചപ്പോള്‍ കോവിഡ് സുരക്ഷയെക്കരുതി സര്‍ക്കാര്‍ ചില നിബന്ധനകള്‍കൂടി ഉള്‍പ്പെടുത്തിയിരുന്നു. ടെസ്റ്റിനു ഹാജരാകുന്നയാള്‍ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിയുടെയോ ആരോഗ്യവകുപ്പിന്റെയോ സാക്ഷ്യപത്രം മോട്ടോര്‍വാഹനവകുപ്പിന് കൈമാറണം.
ടെസ്റ്റിനു ഹാജരാകുന്നയാള്‍ കണ്‍ടെയ്ന്‍മെന്റ് സോണിലല്ല, പനിയും ചുമയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളുമില്ല, വീടുകളില്‍ ക്വാറന്റീനില്‍ ആരുമില്ല തുടങ്ങിയ കാര്യങ്ങളാണ് സാക്ഷ്യപത്രമായി സമര്‍പ്പിക്കേണ്ടത്. എന്നാല്‍ പല സ്ഥലങ്ങളിലും ആരോഗ്യവകുപ്പില്‍നിന്നോ തദ്ദേശസ്ഥാപനങ്ങളില്‍നിന്നോ സാക്ഷ്യപത്രം ലഭിക്കുന്നില്ല. ഇരുവിഭാഗങ്ങളും കോവിഡ് തിരക്കിലായതുകൊണ്ടാണിത്.
ടെസ്റ്റുതീയതി നിശ്ചയിച്ചതിനുശേഷമാണ് പലരും സര്‍ട്ടിഫിക്കറ്റിനായി അധികൃതരെ സമീപിക്കുന്നത്. അതു ലഭിക്കാതായാല്‍ നിശ്ചയിച്ച തീയതിയില്‍ ഇവര്‍ക്ക് ടെസ്റ്റിനു ഹാജരാകാനാവില്ല. കോവിഡിനു മുന്‍പ് ടെസ്റ്റുതീയതി എടുത്തിരുന്നവര്‍ക്കുള്‍പ്പെടെ ഡിസംബര്‍വരെയാണ് സമയം നീട്ടിനല്‍കിയിരിക്കുന്നത്.
സാക്ഷ്യപത്രം ലഭിക്കാത്തതിനാല്‍ ഒരുദിവസം വളരെ കുറച്ചുപേരുടെ ടെസ്റ്റ് മാത്രമാണ് മോട്ടോര്‍വാഹനവകുപ്പ് നടത്തുന്നത്. അതിനാല്‍, ബാക്കിവരുന്നവരുടെ ടെസ്റ്റ് ഡിസംബറിനുള്ളില്‍ എങ്ങനെ പൂര്‍ത്തിയാക്കുമെന്ന ആശങ്കയിലാണ് ഡ്രൈവിങ് സ്‌കൂളുകാരും ടെസ്റ്റിനു ഹാജരാകുന്നവരും. സാക്ഷ്യപത്രം ഒഴിവാക്കണമെന്നാണ് ടെസ്റ്റുതീയതി ലഭിച്ചവരുടെ ആവശ്യം.