പത്തനംതിട്ട : ലഹരി വസ്തുക്കളുടെ ഒഴുക്കിൽ വിറങ്ങലിച്ച് മലയോര ജില്ല. ലഹരി ഉപയോഗത്തിൽ ജില്ലയിൽ വലിയ വർധന വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേസുകളുടെ എണ്ണത്തിൽ രണ്ടര മാസത്തിനിടെ കഴിഞ്ഞ വർഷത്തെ കടത്തിവെട്ടിയിരിക്കുകയാണ് ജില്ല. ഈ വർഷം രണ്ടര മാസത്തിനിടെ ജില്ലയിൽ 215 കേസ് രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞവർഷം ആകെ രജിസ്റ്റർ ചെയ്തത് 268 കേസ് മാത്രമാണ്. ഇത്രയും കേസുകളിലായി കഴിഞ്ഞവർഷം ആകെ 301 പേർ പോലീസ് പിടിയിലായി. 268 കേസിൽ കഞ്ചാവ് പിടിച്ചതിന് എടുത്തത് 72 കേസായിരുന്നു, 95 അറസ്റ്റ് നടന്നു. 48.400 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ബ്രൗൺഷുഗർ പിടിച്ചതിന് ഒരു കേസും എം.ഡി.എം.എ കണ്ടെത്തിയതിന് അഞ്ചു കേസും കഞ്ചാവ് വലിച്ചതിന് 190 കേസും രജിസ്റ്റർ ചെയ്തിരുന്നു. 11 ഗ്രാം ബ്രൗൺഷുഗർ പിടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. എം.ഡി.എം.എ പിടികൂടിയതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു. 11.950 ഗ്രാം എം.ഡി.എം.എയാണ് പ്രതികളിൽനിന്ന് ആകെ പിടിച്ചെടുത്തത്. കഞ്ചാവ് ബീഡി വലിച്ചതിന് 190 കേസിലായി 197 പേരെ പിടികൂടി. കഴിഞ്ഞവർഷം എം.ഡി.എം.എ പിടികൂടിയത് അടൂർ, ഏനാത്ത്, പന്തളം, തിരുവല്ല പോലീസ് സ്റ്റേഷൻ പരിധികളിൽനിന്നാണ്. ബ്രൗൺഷുഗർ പിടികൂടിയത് അടൂർ പോലീസ് സ്റ്റേഷൻ പരിധിയിലുമായിരുന്നു. ഈ വർഷം ഹഷീഷ് ഓയിൽ പിടിച്ചതിന് കൊടുമൺ പോലീസ് സ്റ്റേഷനിലും ബ്രൗൺഷുഗർ കണ്ടെത്തിയതിന് പുളിക്കീഴ് പോലീസ് സ്റ്റേഷനിലുമാണ് ഓരോ കേസുകൾ രജിസ്റ്റർ ചെയ്തത്.