തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്നുമായി പിടിയിൽ. മണ്ണാംമൂല സ്വദേശി കാർത്തികിനെയാണ് (27) എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ഇയാളുടെ കൈയിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന 2.58 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ പേരൂർക്കട മണ്ണാമൂല ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് കാർത്തികെന്നും ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളുടെ ഇരകളാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, ബിജു, രതീഷ് മോഹൻ, വിനേഷ് കൃഷ്ണ, അക്ഷയ് സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഗീതകുമാരി, ഡ്രൈവർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.