പാലക്കാട്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ആര്.പി.എഫ് ക്രൈം ഇന്റലിജിന്‍സ് ബ്രാഞ്ചും എക്സൈസ് ഇന്റലിജിന്‍സ് ബ്രാഞ്ചും ഷൊര്‍ണൂര്‍ ആര്.പി.എഫും ചേര്‍ന്ന് ബുധനാഴ്ച ഷൊര്‍ണൂര്‍ ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പട്ടാമ്പി സ്വദേശി അരുണ്‍ കൃഷ്ണ (24) പിടിയിലായത്. ഇയാളുടെ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ 6.5 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും കണ്ടെത്തി.
ഷൊര്‍ണൂരില്‍ ട്രെയിനിറങ്ങി ബസില്‍ പട്ടാമ്പി ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ബംഗളൂരുവില്‍നിന്ന് കൊപ്പം, പട്ടാമ്പി പ്രദേശങ്ങളില്‍ വില്പനയ്ക്കായി കൊണ്ടുവന്നതാണ് ലഹരി വസ്തുക്കളെന്ന് അരുണ്‍ മൊഴി നല്കി. പാലക്കാട് ആര്.പി.എഫ് ക്രൈം ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എന്‍. കേശവദാസ്, ഒറ്റപ്പാലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീജേഷ്, ആര്.പി.എഫ് എസ്.ഐ അജിത് അശോക്, ഷാജു തോമസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.