കുമരകം: ബാംഗ്ലുര്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപും സംഘവും കുമരകത്തെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്ന വിവരം പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും റിസോര്‍ട്ട് കണ്ടെത്താന്‍ കഴിയാതെ പോലീസ് രഹസ്യാന്വഷണ വിഭാഗം. ലോക്ക്ഡൗണിനിടെ കഴിഞ്ഞ ജൂണ്‍ 19 ന് കുമരകത്തെ റിസോര്‍ട്ടില്‍ നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തെന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ പുറത്ത് വിട്ട് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപിച്ചിരുന്നു.
റിസോര്‍ട്ടിലെ റൂമിനുള്ളില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ പുറത്ത് വന്നതോടെ റിസോര്‍ട്ട് കണ്ടെത്താന്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വഷണം നടത്തി വരുന്ന ഗൗരവമേറിയ കേസിലാണ് സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്.
കുമരകം പോലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടും സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് പോലീസിനുള്ളില്‍ മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുമരകത്തെ ചെറുതും വലുതുമായ റിസോര്‍ട്ടുകളില്‍ ഏറെയും അടഞ്ഞ് കിടക്കുകയാണ്.