തൃശൂര്‍ : മയക്കുമരുന്ന് കേസില്‍ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനെ ചോദ്യം ചെയ്യുന്ന വീഡിയോ എങ്ങനെയാണ് പുറത്തായതെന്നതില്‍ അന്വേഷണം. പ്രതിയായ അക്വില്‍ മുഹമ്മദിനെ ചോദ്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പ്രചരിച്ച വീഡിയോയിലുണ്ട്. ചിലരുടെ പേരു വിവരങ്ങളുള്‍പ്പെടെ ഹൗസ് സര്‍ജന്‍ പറയുന്നുണ്ട്.
പിടിയിലായ കോഴിക്കോട് സ്വദേശിയായ അക്വില്‍ മുഹമ്മദിനെ (24) വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വിയ്യൂര്‍ സബ്ജയിലില്‍ കസ്റ്റഡിയിലാണ് നിലവില്‍ അക്വില്‍ മുഹമ്മദ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളില്‍ നിന്ന് രണ്ടര ഗ്രാം എംഡിഎംഎയും ലഹരി സ്റ്റാംപുകളും പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ലഹരി എത്തിച്ചത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. അക്വിലിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് നിരവധി പേര്‍ ലഹരി മരുന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിലേക്ക് വിളിച്ചിരുന്നതായും പോലീസ് പറയുന്നു. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ഡോക്ടര്‍മാര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പിടിയിലായ അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. 15 ഓളം ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.