പത്തനംതിട്ട : കേരള സീനിയർ ലീഡേഴ്‌സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 10 ശനിയാഴ്ച “ലഹരിക്കൂട്ട്, മരണക്കൂട്ട്” – ലഹരി വിരുദ്ധ സെമിനാർ – വിവേകാന്ദന്ദ ഗ്രന്ഥശാലയിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ പടപൊരുതാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കപ്പെടണമെന്നും സമൂഹത്തിന്റെ ആത്മാർത്ഥമായ പിന്തുണ അതിനായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാമറിയാതെ നമ്മുടെ കുഞ്ഞുങ്ങൾ പെട്ടുപോകുകയാണ്. നമുക്കെല്ലാം ആ ബോധ്യം ഉണ്ടാകുമ്പോഴാണ് ജാഗ്രതയോടെ ചെറുക്കാനുള്ള ശക്തി നമുക്ക് ലഭിക്കുക, എന്നദ്ദേഹം വ്യക്തമാക്കി.
അടൂർ ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ. എസ് പാപ്പച്ചൻ മുഖ്യ പ്രസംഗം നടത്തി. സമൂഹത്തിനു മൊത്തത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ലഹരി ഉപയോഗം ഏതു വിധേനയും നിയന്ത്രിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെമിക്കലായുള്ളതും അല്ലാത്തതുമായ പുതിയ ലഹരി വസ്തുക്കൾ യുദ്ധസമാനമായ അവസ്ഥയാണ് സൃഷിക്കുന്നതെന്നു അദ്ദേഹം സൂചിപ്പിച്ചു. ലഹരി വസ്തുക്കൾ ഒഴുക്കി യുവാക്കളെ മുഴുവൻ നാശത്തിലേക്കും മരണത്തിലേക്കും തള്ളിവിടുകയാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവുകയും അനുകരിക്കാൻ തക്കതായ ജീവിതം മാതാപിതാക്കൾ നയിക്കുകയുമാണെങ്കിൽ യുവാക്കൾ വഴിതെറ്റില്ല എന്നദ്ദേഹം പറഞ്ഞു.
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അൻഷാദ് ബി, സീനിയർ ലീഡേഴ്‌സ് ഫോറം പ്രസിഡന്റ് ബി രാജീവ് എന്നിവർ വിഷയം അവതരിപ്പിച്ചു. സീനിയർ ലീഡേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ഡോ. ജോർജ് ചാക്കച്ചേരി, മുരുകേഷ് ടി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, എപി സന്തോഷ്, സീനിയർ ലീഡേഴ്‌സ്ഫോറം ട്രെഷറാർ, കവിയൂർ ബാബു, കരുൺ കൃഷ്ണകുമാർ, രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. സെമിനാറിൽ പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞാ എടുക്കുകയും ചെയ്തു.