തിരുവനന്തപുരം: സ്കൂൾതലത്തിൽ ലഹരിനിർമാർജനയജ്ഞം ഇത്തവണ പരിശോധനയിലും ഉപദേശത്തിലും മാത്രം ഒതുങ്ങില്ല. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ പല്ലും നഖവും പരിശോധിക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ഈ വർഷം സ്കൂളുകളിൽ വ്യാപകമായി ദന്തപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും. കുട്ടികളുടെ ദന്താരോഗ്യം ഉറപ്പാക്കുന്നതിനുപുറമേ, ലഹരി ഉപയോഗം തിരിച്ചറിയാനും ഈ പരിശോധന സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ലഹരിനിർമാർജന പ്രവർത്തനങ്ങളും ഇടപെടലുകളും ഉറപ്പാക്കാൻ സ്കൂളുകളിൽ ഇന്റർവെൻഷൻ രജിസ്റ്ററും നിർബന്ധമാക്കും.
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം കൈകാര്യം ചെയ്യാൻ വേനലവധി ക്യാമ്പിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഈ കുട്ടികളുടെ ഐഡന്റിറ്റി പരസ്യമാക്കാതെ, പോലീസിന്റെയും എക്സൈസിന്റെയും സഹായത്തോടെ തുടർചികിത്സയും പുനരധിവാസവും ഉറപ്പാക്കാനാണ് നിർദേശം. സ്കൂളുകളിൽ ആന്റി നർക്കോട്ടിക് ക്ലബ്ബുകൾ രൂപവത്കരിക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള ആന്റി-ഡ്രഗ് പാർലമെന്റും നടത്തും.