കൊല്ലം : കൊറിയര്‍ സര്‍വ്വീസ് വഴി ബാംഗ്ലൂര്‍, ആന്ധ്രാ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും കൊല്ലം ജില്ലയിലേക്ക് വന്‍ തോതില്‍ മയക്ക് മരുന്ന് എത്തുന്നു. വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പെട്ടെന്ന് പിടി വീഴില്ല എന്നതു കൊണ്ടാണ് ലഹരി കടത്താന്‍ ഈ പുതിയ വഴി സ്വീകരിച്ചിരിക്കുന്നതെന്നാണ് എക്‌സൈസ് കണ്ടെത്തല്‍.
മുന്‍പ് ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗവും ആളുകള്‍ നേരിട്ട് എത്തിക്കുന്ന കഞ്ചാവ് ഉള്‍പ്പെടുന്ന ലഹരി മരുന്നുകളാണ് കൊറിയര്‍ സര്‍വ്വീസുകള്‍ വഴി ഇപ്പോള്‍ എത്തുന്നത്. സ്റ്റാമ്പ് തരത്തിലുള്ള ലഹരി വസ്തുക്കള്‍ ആണ് ഇപ്പോള്‍ ധാരാളമായി കാണാന്‍ സാധിക്കുന്നത്. ഇവ എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ ഇവരെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നാനൂറിന് അടുത്ത് കേസുകള്‍ ജില്ലയില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തൊണ്ണൂറ് ശതമാനം കേസുകളും ശിക്ഷിയ്ക്കുന്നുണ്ട്. എന്നാലും ദിനം പ്രതി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിയ്ക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ബോധവത്ക്കരണ ക്ലാസുകളും മറ്റും നടക്കുന്നുണ്ടെങ്കിലും ലഹരി ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ കൂടുന്നുവെന്ന് കേസില്‍ ഉള്‍പ്പെടുന്നവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.