ദുബായ് : അഞ്ച് മലയാളികളടക്കം 20 ലേറെ ഇന്ത്യക്കാർ ഏഴ് ദിവസമായി ദുബായ് വിമാനത്താവളത്തിൽ കുടങ്ങി കിടക്കുന്നു. ഇന്നലെ യുഎഇ വിമാനത്താവളങ്ങൾ മുഴുവൻ യാത്രാസർവീസുകളും അവസാനിപ്പിച്ചതോടെ ഇവരുടെ അവസാന പ്രതീക്ഷയും ഇല്ലാതായി. വിദേശകാര്യമന്ത്രാലയത്തിന്‍റെ ഹൈൽപ് ലൈനിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ദുബായ് കോൺസുലേറ്റ് അധികൃതർ എത്തിയെങ്കിലും കാര്യമായ സഹായമൊന്നും ലഭിച്ചില്ല.
പോർച്ചുഗലിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട തിരുവനന്തപുരം കരിങ്കുളം പുതിയതുറ സ്വദേശികളായ ജാക്സൻ, സഹോദരൻ ബെൻസൻ, റഷ്യയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രാജു, യൂറോപ്പിൽ നിന്ന് നാട്ടിലേക്ക് തിരിച്ച അരുൺ, ജോസ് എന്നിവരാണ് ഏഴ് ദിവസത്തോളമായി വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. വിസ ഇല്ലാത്തതിനാൽ പുറത്തിറങ്ങാനോ വിമാനമില്ലാത്തതിനാൽ മറ്റെവിടേക്കെങ്കിലും പോകാനോ ഇവർക്ക് കഴിയില്ല.
വിമാനകമ്പനി ഇവർക്ക് ഒരു നേരത്തേ ഭക്ഷണത്തിനുള്ള കൂപ്പൺ നൽകുന്നുണ്ട്. ഉടുതുണിക്ക് മറുതുണി പോലും ഇപ്പോൾ ഇവരുടെ പക്കലില്ല. മറ്റു യാത്രക്കാരിൽ നിന്ന് കൊവിഡ് പകരുമോ എന്ന ആശങ്ക വേറെ. എത്രനാൾ ഇങ്ങനെ കഴിയേണ്ടി വരുമെന്ന് ഒരു രൂപവുമില്ല. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇടപെട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ പ്രത്യേക വിമാനം ഇവർ ആവശ്യപ്പെടുന്നുണ്ട്. കുറഞ്ഞപക്ഷം ദുബായിൽ സുരക്ഷിതമായ ഒരു താമസമെങ്കിലും ഒരുക്കിതരണമെന്ന് ഇവർ അഭ്യർഥിക്കുന്നു.