ദുബായ് : ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ഒന്നാം സ്ഥാനം. തുടർച്ചയായ ആറാം വർഷമാണ് ദുബായ് എയർപോർട്ട് ഈ നേട്ടം നിലനിർത്തുന്നത് . 2019 ലെ കണക്കുകൾ പ്രകാരം 86 .4 ദശലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. രണ്ടാം സ്ഥാനത്തു ലണ്ടനിലെ ഹീത്രൂ വിമാനത്താവളമാണ് . 2019 ൽ മൊത്തമായി 86 ,396 ,757 യാത്രക്കാരാണ് ദുബായ് വിമാനത്താവളം ഉപയോഗിച്ചത്.
തുടർച്ചയായ വർഷങ്ങളിലും നേട്ടം നിലനിർത്താൻ കഴിഞ്ഞത് അഭിമാനകരം തന്നെയാണെന്ന്’ ദുബായ് എയർപോർട്ട് ഡയറക്ടർ പോൾ ഗ്രിഫിത് പറഞ്ഞു . എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ചു 3.1 ശതമാനം യാത്രക്കാരുടെ എണ്ണത്തിൽ കുറവുമുണ്ടായി. കുറച്ചധികം തടസങ്ങൾ ഇത്തവണ തങ്ങൾക്ക് നേരിടേണ്ടി വന്നു . റൺവേ 45 ദിവസത്തോളം അടച്ചിടേണ്ടി വന്നു. ജെറ്റ് എയർനു നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി , ബോയിങ് 737 മാക്സ് വിമാനങ്ങൾ ഗ്രൗണ്ട് ചെയ്യേണ്ടി വന്നത് , ഇതെല്ലാം അതിജീവിച്ചാണ് നേട്ടം നിലനിർത്താൻ കഴിഞ്ഞതെന്ന് പോൾ ഗ്രിഫിത് പറഞ്ഞു.
ഇന്ത്യൻ നഗരങ്ങളിലേക്കാണ് ദുബൈയിൽ നിന്നും ഏറ്റവും കൂടുതൽ പേര് യാത്ര ചെയ്തിരിക്കുന്നത്. 2019 ൽ 11 .9 ദശലക്ഷം പേരാണ് ഇന്ത്യയിലേക്കു വന്നത്. സൗദി അറേബ്യക്കാണ് രണ്ടാം സ്ഥാനം. 6.3 ദശലക്ഷം ആളുകളാണ് ദുബായ് വിമാനത്താവളത്തിൽ നിന്നും സൗദിയിലേക്ക് പോയത് . യു.കെ , ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് തുടർന്ന് കൂടുതൽ പേർ യാത്ര ചെയ്തത് .