ദുബൈ: ദുബൈയില്‍ എഞ്ചിനീയറായിരുന്ന മലയാളി യുവതി കഴിഞ്ഞയാഴ്ച ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ദുബൈ പോലീസ് അറിയിച്ചു. കൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് ദുബൈയിലെ വസതിയില്‍ കുളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. നീതുവിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കെട്ടിടത്തിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പോലീസ് പരിശോധിക്കുന്നത്. ആറ് വയസുകാരന്റെ അമ്മയായ നീതു, ജൂണ്‍ 14ന് വൈകുന്നേരമാണ് മരിച്ചത്. എഞ്ചിനീയറായ ഭര്‍ത്താവ് വിശാഖ് ഗോപിയും മകന്‍ നിവേഷ് കൃഷ്ണയും വീട്ടുജോലിക്കാരിയും ഈ സമയം അല്‍ തവാര്‍ -3ലെ വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം 7.15ഓടെ അടുക്കളിയില്‍ പാത്രം കഴുകുകയായിരുന്ന വീട്ടുജോലിക്കാരിക്ക് പാത്രത്തില്‍ നിന്ന് ഷോക്കേറ്റതായി അനുഭവപ്പെട്ടു. അതേസമയം തന്നെ ബാത്ത്‌റൂമില്‍ നിന്ന് നീതുവിന്റെ നിലവിളിയും കേട്ടു. വാതില്‍ തുറക്കുകയോ വിളി കേള്‍ക്കുകയോ ചെയ്യാതിരുന്നതോടെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് വിശാഖ് വാതില്‍ തകര്‍ത്തു. ബാത്ത് ടബ്ബിലേക്ക് വീണുകിടക്കുന്ന നിലയിലായിരുന്നു നീതു. തുടര്‍ന്ന് നീതുവിന് സി.പി.ആര്‍ കൊടുക്കുകയും ആംബുലന്‍സ് വിളിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.