ആലപ്പുഴ : വെള്ളപ്പൊക്കംമൂലം കുട്ടനാട് താലൂക്കിലെ 41 റേഷൻകടകളിൽ അരി എത്തിക്കാനായില്ല. മേയ് മാസത്തെ റേഷൻ വിതരണം ബുധനാഴ്ച അവസാനിച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് റേഷൻ നഷ്ടമാകുന്ന സ്ഥിതിയാണ്. കാർത്തികപ്പള്ളി താലൂക്കിലും പ്രതിസന്ധിയുണ്ട്. വെള്ളപ്പൊക്കം മൂലം ഒട്ടേറെ കുടുംബങ്ങൾക്ക് ഇവിടെയും റേഷൻ വാങ്ങാനായിട്ടില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ വിതരണത്തീയതി നീട്ടണമെന്ന് സിവിൽ സപ്ലൈസ് ജില്ലാ അധികൃതർ ഭക്ഷ്യവകുപ്പിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച ഒരുദിവസത്തേക്കുകൂടി വിതരണം നീട്ടാനാണ് അനുമതി നൽകിയത്. ഒരുദിവസം നീട്ടിയതുകൊണ്ടു പ്രയോജനമില്ലെന്നാണ് റേഷൻ കടക്കാർ പറയുന്നത്.
കുട്ടനാട്ടിലെ 41 കടകളിൽ ധാന്യമെത്തിക്കാൻ ഒരുദിവസം മതിയാകില്ല. കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ വെള്ളക്കെട്ടിലായ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇവർ വീടുകളിലേക്കു തിരിച്ചെത്തിയാൽ മാത്രമേ അരിവാങ്ങാനാകൂ. അതിനാൽ, ജൂൺ മാസത്തെ വിഹിതത്തിനൊപ്പം മേയ് മാസത്തെ വിഹിതം കൂടി വാങ്ങാനുള്ള അനുമതി നൽകണമെന്നാണ് റേഷൻകടക്കാരുടെ ആവശ്യം.
കുട്ടനാട് താലൂക്കിലെ 53,423 കാർഡുടമകളിൽ 35,506 പേർ മാത്രമാണ് മേയ് മാസത്തെ റേഷൻ വാങ്ങിയത്. അതിൽ മുഴുവൻ വിഹിതവും ലഭിക്കാത്തവരും ഏറെയാണ്. അതിനാൽ റേഷൻവിഹിതം നഷ്ടമാകാതിരിക്കാൻ രണ്ടുമാസത്തെ വിതരണം ഒന്നിച്ചുനടത്താനുള്ള ക്രമീകരണം ഇ-പോസ് യന്ത്രത്തിൽ വരുത്തണമെന്നാണ് ആവശ്യം. റേഷൻ വിതരണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും മേയിലെയും ജൂണിലെയും വിഹിതം ഒന്നിച്ചുവാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗൈനൈസിങ് സെക്രട്ടറി എൻ. ഷിജീർ പറഞ്ഞു.