തിരുവല്ല: കുറ്റൂർ പുത്തൻ തോട് പാലം (തെക്കു മുറി പാലം) ത്തിൻ്റെ നിർമ്മാണം നടക്കുന്നതിനാൽ നീരൊഴുക്ക് നിലച്ച് പ്രദേശവാസികൾ ദുരിതത്തിൽ. തിരുവൻവണ്ടൂർ – നന്നാട് റോഡിൽ വരട്ടാറിന് കുറുകെയുള്ള പുത്തൻതോട് പാലം ഒന്നര വർഷമായി നിർമ്മാണം നടക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും തടസപ്പെട്ട നിലയിലാണ്. കെട്ടി കിടക്കുന്ന വെളളം ഒഴുകി പോകുവാൻ മാർഗമില്ല. ഒഴുക്ക് നിലച്ച വരട്ടാർ തോട്ടിൽ പോളയും പായലും മൂടി വെള്ളത്തിന് കറുത്ത നിറവും ദുർഗന്ധവും അട്ടയുടെ ശല്യവും പെരുകുന്നു. ഇവിടെ പകലും രാത്രിയിലും കൊതുകു ശല്യം രൂക്ഷമാണ്.
കൂടാതെ വാഹനത്തിൽ എത്തി വരട്ടാർ പാലത്തിന്റെ താഴെ ഇറച്ചി മാലിന്യങ്ങൾ തള്ളുന്നതായി പ്രദേശവാസികൾ പറഞ്ഞു. തോട്ടിൽ കറുപ്പ് നിറത്തിലുള്ള വെള്ളവും പോളയും പായലും മൂടി. എന്നാൽ വെള്ളം ഒഴുകുന്നതിന് തോട്ടിൽ സിമൻറ് പൈപ്പ് ഇട്ടിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ചില സമയങ്ങളിൽ പെയ്യുന്ന മഴയാണ് പ്രദേശവാസികൾക്ക് ആശ്വാസം. അതേസമയം ജനപ്രതിനിധികൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, സംസ്കാരിക നായകന്മാർ, കലാകാരൻമാർ എന്നിവർ ഒത്തുകൂടി വരട്ടാറിന്റെ പഴയ പ്രതാപത്തിനുവേണ്ടി പ്രവർത്തിച്ചെങ്കിലും ഫലം ഉണ്ടായില്ല.