പത്തനംതിട്ട : വെളിച്ചെണ്ണയ്ക്ക് അമിതമായിവില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓണക്കാലത്ത് റേഷൻ കടകൾ വഴി 50% സബ്സീടി നിരക്കിൽ 2 കിലോ വീതം വെളിച്ചെണ്ണയും മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങളും എല്ലാ കാർഡുടമകൾക്കും വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്ന് കേരള റേഷൻ യൂസേഴ്സ് സർവ്വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സബ്സിഡി സാധനങ്ങൾ പലതും മാവേലി സ്റ്റോറുകളിൽ നിന്നും അപ്രത്യക്ഷമായിട്ട് മാസങ്ങളായി. സിവിൽ സപ്ളൈസ് കോര്‍പ്പറേഷന്റെ പിടിപ്പുകേടു കാരണം കാർഡുടമകൾക്ക് മണ്ണെണ്ണ ഉൾപ്പടെ റേഷൻ സാധനങ്ങൾ നഷ്ടമാവുന്നു.
പൊതുവിപണിയിൽ ഭക്ഷ്യ സാധന വില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഇത് കാരണം സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുകയാണ്. കരിഞ്ചന്തയും, പൂഴ്തി വെയ്പ്പും തടയാനും സബ്ബ്സിഡി സാധനങ്ങൾ അടിയന്തിരമായി വിതരണം ചെയ്യാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.സുസ്ലോവ് അധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, എ.രാജു, ബി തങ്കമണി, ബി. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.