സര്‍വസാധാരണമായി കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് പനി. എന്നാല്‍ മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു. ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും പനി, ചുമ്മ, ജലദോഷം പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്ക് മഴക്കാലത്ത് ഭക്ഷണത്തില്‍ അല്‍പ്പം ശ്രദ്ധ നല്‍കേണ്ടത് വളരെ പ്രധാനമാണ്. ജലദോഷം, പനി പോലെയുള്ള പ്രശ്‌നങ്ങള്‍ മാറ്റാന്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഇവയൊക്കെ ഉള്‍പ്പെടുത്താം.
* മഞ്ഞള്‍ – രോഗപ്രതിരോധ ശേഷി കൂട്ടാന്‍ പേര് കേട്ടതാണ് മഞ്ഞള്‍. ഇതിലേ ആന്റി ബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ഭക്ഷണത്തിലോ അല്ലെങ്കില്‍ മഞ്ഞളിട്ട് തിളപ്പിച്ച വെള്ളമോ നല്‍കുന്നത് വളരെ നല്ലതാണ്.
* സിട്രസ് പഴങ്ങള്‍ – ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന പോഷകമാണിത്. പ്രത്യേകിച്ച് അണുബാധക്കെതിരെ പോരാടുന്നതിന് ആവശ്യമായതാണ് വൈറ്റമിന്‍ സി. മാത്രമല്ല ഇത് രക്തകോശങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. നല്ല ഫ്രഷായിട്ടുള്ള ഓറഞ്ച് ജ്യൂസ് കുട്ടികളെ കുടിപ്പിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല നാരങ്ങ വെള്ളം നല്‍കുന്നത് വളരെ നല്ലതാണ്.
* തൈര് – ആരോഗ്യത്തിന് വളരെ നല്ലതാണ് തൈര്. പല തരത്തിലുള്ള ഗുണങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരില്‍ കാണപ്പെടുന്ന പ്രോബയോട്ടിക്‌സ് ആരോഗ്യകരമായ കുടല്‍ വീണ്ടെടുക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന ബാക്ടീരിയകളാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇത് വളരെ അത്യന്താപേക്ഷിതമാണ്. തൈര് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന്റെ സ്വഭാവിക പ്രതിരോധം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. സാധാരണ തൈര് തിരഞ്ഞെടുക്കുക, പഞ്ചസാര ചേര്‍ത്തവ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
* ഇഞ്ചിയും തേനും – രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ നല്ലതാണ് ഇഞ്ചിയും തേനും. ഇഞ്ചിക്ക് ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഏറെ സഹായിക്കും. പ്രകൃതിദത്തമായ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതും ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ളതുമായ ഇഞ്ചി തേനുമായി ചേര്‍ക്കുന്നത് ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള വഴിയാണ്. കുട്ടിക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത ഇഞ്ചി ചായ നല്‍കാം അല്ലെങ്കില്‍ അവരുടെ ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നതും ഗുണം ചെയ്യും.