മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രകടനം. നിലമ്പൂര്‍ മൂത്തേടത്താണ് പ്രവര്‍ത്തകര്‍ കൊലവിളികളുമായി പ്രകടനം നടത്തിയത്. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതുപോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം. ഷുക്കൂരിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു ജാഥ. ജാഥയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍.
പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ കൊലവിളി പ്രകടനം. പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പതിനെട്ടാം തീയതി മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് ഇത്തരത്തില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയ ജാഥയിലേക്ക് നയിച്ചത്. വാട്സപ്പ് ഗ്രൂപ്പുകളില്‍ തുടങ്ങിയ തര്‍ക്കമാണ് തെരുവിലേക്ക് പടര്‍ന്നത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്, എംഎസ്‌എഫ്, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ അറിയിച്ചു.