കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധകേസ് പ്രതിയുടെ ചിത്രം ഫോട്ടോ പ്രദര്‍ശന മത്സരത്തില്‍ ഉള്‍പ്പെടുത്തിയ ഡിവൈഎഫ്‌ഐ നടപടി വിവാദത്തില്‍. ടിപി ചന്ദ്രശേഖരന്‍ വധകേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫി അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രമാണ് വിവാദത്തിലായത്. ഡിവൈഎഫ്‌ഐ പെരിങ്ങത്തൂര്‍ മേഖല കമ്മിറ്റിയാണ് ചിത്രം ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സംഭവം വിവാദമായതാടെ ചിത്രം പിന്‍വലിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പെരിങ്ങത്തൂര്‍ മേഖല കമ്മിറ്റിയുടെ ലോക്ക്ഡൗണ്‍ ചിത്രപ്രദര്‍ശന മത്സരത്തില്‍ രണ്ടാം എന്‍ട്രിയായാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിന് താഴെ ഷുഹൈബ് വധകേസ് പ്രതി ആകാശ് തില്ലങ്കേരി ഇവര്‍ പ്രിയപ്പെട്ടവര്‍ എന്ന് കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. പലരും ടി.പി ചന്ദ്രശേഖരനും മകനും നില്‍ക്കുന്ന ചിത്രം കമന്റ് ആയി ഇട്ടായിരുന്നു പ്രതിഷേധിച്ചത്. വിഷയം വിവാദമായതോടെ കെ.കെ രമ രംഗത്തെത്തിയിരുന്നു. ടി.പി കേസ് പ്രതിയായ ഷാഫിക്ക് താരപരിവേഷം നല്‍കാനാണ് ഡിവൈഎഫ്‌ഐയുടെ ശ്രമമെന്ന് കെ.കെ രമ പ്രതികരിച്ചു. ഒപ്പം അച്ഛനൊപ്പമുള്ള കൊലയാളിയുടെ ചിത്രം പങ്കുവെച്ച ഡിവൈഎഫ്‌ഐയെ ജനം വിലയിരുത്തട്ടെയെന്നും കെ കെ രമ പറഞ്ഞു. ടിപി കൊല്ലപ്പെട്ടതോടെ തന്റെ വീട്ടില്‍ അച്ഛനില്ലാത്ത ഒരു മകന്‍ വളരുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ മറക്കരുതെന്നും രമ ഓര്‍മിപ്പിച്ചു.
സംഭവത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു എഎ റഹീം പ്രതികരിച്ചത്. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് 4 ാം തിയ്യതി തന്നെയാണ് സംഭവം വിവാദമാവുന്നത്.