തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ. സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാ സമിതിയെന്ന സംഘപരിവാർ സംഘടന നടത്തിയ പരിപാടിയിൽ പൊതുസ്ഥാപനത്തിൽ ആർഎസ്എസ് പതാകയേന്തിയ ഭാരതാംബാ ചിത്രം വച്ച് പൂജിക്കാൻ ശ്രമിക്കവെ അവിടെ പ്രതിഷേധമുണ്ടാവുകയും അതിനടിസ്ഥാനത്തിൽ രജിസ്ട്രാർ ഇടപെടുകയും ചെയ്തു. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ മതനിരപേക്ഷതയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ വേണ്ടി ശ്രമിച്ചുവെന്ന കാരണത്താൽ രജിസ്ട്രാറെ ചാൻസിലറുടെ നിർദേശപ്രകാരം വിസി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
കേരളത്തിലെ സ്വതന്ത്ര പരമാധികാര സംവിധാനവും ഉന്നത വിദ്യാഭ്യാസ കേന്ദ്രവുമായ സർവകലാശാലകളെ സംഘപരിവാറിന്റെ ആലയിൽ കെട്ടാനാണ് ചാൻസിലർ പദവിയിലിരിക്കുന്ന ഗവർണർ ശ്രമിക്കുന്നത്. കേവലം ആർഎസ്എസ് ഏജന്റായി ഗവർണർ അധപതിച്ചു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മതേതരത്വത്തിന് വേണ്ടി നിലപാടെടുത്ത രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം. ഇങ്ങനെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘവത്കരണം നടത്താമെന്ന ചാൻസിലറുടെ വ്യാമോഹം കേരളത്തിൽ വിലപ്പോവില്ല. ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്ന ചാൻസിലറുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കും. ഇതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.