ചിറ്റാര്‍ : ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സെമിനാറില്‍ പങ്കെടുക്കണം സിഡിഎസ് ചെയര്‍ പേഴ്സന്റെ ഭീഷണി ശബ്ദസന്ദേശം പുറത്തായി. സമ്മേളനത്തില്‍ വരാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്നുമുള്ള സിഡിഎസ് ചെയര്‍ പേഴ്സന്റെ ഭീഷണിയുടെ ശബ്ദസന്ദേശമാണ് വിവാദത്തിലായിരിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് ചിറ്റാര്‍ ടൗണില്‍ നടക്കുന്ന സെമിനാര്‍ സിപിഎം നേതാവും മുന്മന്ത്രിയുമായ പി.കെ ശ്രീമതിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
എല്ലാ കുടുംബശ്രീയില്‍ നിന്നും അഞ്ചംഗങ്ങളെ വീതം പങ്കെടുപ്പിക്കണമെന്നും സെറ്റു സാരിയും മെറൂണ്‍ ബ്ലൗസും ധരിച്ച് വരണമെന്നും ചിറ്റാറിലെ സിഡിഎസ് ചെയര്‍പേഴ്സന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നു. വരാതിരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ പരിപാടികളില്‍ ആളെ കൂട്ടേണ്ട ഉത്തരവാദിത്വം കുടുംബശ്രീക്കാണെന്ന തരത്തിലുള്ള സി ഡി എസ് ചെയര്‍പേഴ്സണിന്റെ പ്രസ്താവന ഒരു വിഭാഗം അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പങ്കെടുക്കാത്തവരില്‍ നിന്നും നൂറ് രുപ ഫൈന്‍ ഈടാക്കുമെന്നാണ് സി ഡി എസ് ചെയര്‍പേഴ്സണ്‍ അംഗങ്ങളെ അറിയിച്ചത്. ചെയര്‍പേഴ്സന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്.
കുടുംബശ്രീയുടെ വാട്സ് അപ്പ് ഗ്രൂപ്പിലാണ് വിവാദ ശബ്ദ സന്ദേശം അയച്ചത്. പത്തനംതിട്ടയിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം കൂടിയായ കെ.യു ജനീഷ് കുമാര്‍ മുന്‍കൈയെടുത്താണ് സ്വന്തം നാടായ ചിറ്റാറില്‍ ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തെപ്പറ്റി സെമിനാര്‍ സംഘടിപ്പിച്ചത്.