തിരുവനന്തപുരം: എമ്പുരാൻ സിനിമ റിലീസ് ആയതിനു ശേഷം സംഘപരിവാർ കോർണറുകളിൽ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമക്കും അണിയറ പ്രവർത്തകർക്കും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഗുജറാത്തിൽ സംഘപരിവാർ വാളും തൃശൂലവുമായി അഴിഞ്ഞാടി നടത്തിയ വംശഹത്യയെ ഒരു കലാസൃഷ്ടിയിലൂടെ സ്പർശ്ശിക്കുമ്പോൾ പോലും അവർ എത്ര അസ്വസ്ഥമാണ് എന്നാണ് സൈബർ ആക്രമണങ്ങൾ തെളിയിക്കുന്നതെന്നും വാർത്താ കുറിപ്പിൽ ഡിവൈഎഫ്ഐ വ്യക്തമാക്കി. തങ്ങളുടെ രാഷ്ട്രീയത്തെ വിമർശിക്കുന്ന സിനിമയോടുള്ള ആരോഗ്യപരമായ വിയോജിപ്പ് പോലുമല്ല, മലയാളികളുടെ അഭിമാനമായ രാജ്യം ആദരിച്ച മഹാനടനായ മോഹൻലാലിനെയും, പൃഥ്വിരാജിനെയും, മുരളി ഗോപിയേയും, ആന്റണി പെരുമ്പാവൂരിനെയുമൊക്കെ നേരെ കേട്ടാൽ അറക്കുന്ന തെറി അഭിഷേകവും, വർഗ്ഗീയ അധിക്ഷേപങ്ങളുമാണ് നടത്തുന്നത്.
കേരളത്തെ അപമാനിക്കാൻ കേരള സ്റ്റോറി എന്നൊരു പ്രൊപ്പഗാണ്ട പടച്ചു വിട്ടപ്പോൾ ‘100% ഫാക്ട്’ എന്ന് സർട്ടിഫിക്കറ്റ് അടിച്ചു കൊടുത്തവരാണ് ഇപ്പോൾ പൃഥ്വിരാജിനെയും മോഹൻ ലാലിനെയുമൊക്കെ തെറി പറയുന്നത്. മുരളി ഗോപി എന്ന എഴുത്തുകാരനും, പ്രിഥ്വിരാജ് സുകുമാരൻ എന്ന സംവിധായകനും, ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിനും, മലയാളികളുടെ സ്വകാര്യ അഭിമാനം മോഹൻ ലാലിനും, എമ്പുരാൻ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകരേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒരു സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല. മതനിരപേക്ഷത സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും വാർത്താ കുറിപ്പിലൂടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.