പത്തനംതിട്ട : ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറന്തൽ മുക്കോടി കരിങ്ങാലി വലിയതോടിനെ വിണ്ടെടുക്കാനായി ശുചീകരണം നടത്തുമെന്ന് ഭാവാഹികൾ പറഞ്ഞു. ഞായറാഴ്ച രണ്ടായിരത്തോളം വരുന്ന യൂത്ത് ബ്രിഗേഡുകളുടെയും ബഹുജനങ്ങളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്. കൊടുമൺ പഞ്ചായത്തിലെ മുേല്ലാട്ടുഡാമിൽനിന്നും ഉത്ഭവിക്കുന്ന തോട് തട്ടയിൽ രണ്ടുശാഖയായി തിരിഞ്ഞ് ഒരുശാഖ വലിയതോടായി പറന്തൽ-കുരമ്പാല മുക്കോടി – കുടശ്ശനാട് വഴി കരിങ്ങാലി പുഞ്ച വഴി അച്ചൻകോവിലാറ്റിൽ പതിക്കും.
തോട്ടുക്കര പാടശേഖരം, പുതുവാക്കൽ പാടശേഖരം, മണ്ണിചിറ പാടശേഖരം, തോണ്ടുകണ്ടം പാടശേഖരം തുടങ്ങിയ പാടശേഖരങ്ങളുടെ ജീവനാഡിയായിരുന്നു പറന്തൽ-മുരക്കാടി- കരിങ്ങാലി വലിയതോട്. എന്നാൽ വലിയതോട് മണ്ണുനിറഞ്ഞ് ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരമായി നിരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുകയാണ്. പലതരത്തിലുള്ള പകർച്ചവ്യാധികളും കുടിവെള്ളത്തിൽ കൂടി മാറാരോഗങ്ങൾക്കും കാരണമാകുന്ന അവസ്ഥയിലാണ്. പറന്തൽ മുതൽ കുടശ്ശനാട് തോണ്ടുകണ്ടം വരെയുള്ള പന്തളം നഗരസഭയിലെ 15, 16, 17, 18, 19, 20, വാർഡുകളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളെ ആറ് ഭാഗങ്ങളായി തിരിച്ചാണ് ശുചീകരണം നടത്തുന്നത്.