കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ നടന്‍ വിനായകന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്‌ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ, ഇയാള്‍ ആരോക്കെയാണെന്ന്’ എന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, വീഡിയോ ഇതിനകം തന്നെ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. അതേസമയം, ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്ന കേസില്‍ വിനായകനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് ഇന്നലെ വിനായകനെതിരെ കേസെടുത്തത്.