കൊച്ചി : ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മോട്ടോര്‍വാഹന വകുപ്പ് നടപടി ചോദ്യം ചെയ്ത് കണ്ണുര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് സതീഷ് നൈനാന്‍ പരിഗണിച്ചത്. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും കോടതി നിരസിച്ചു.
നിയമാനുസൃത നടപടി സ്വീകരിക്കാന്‍ മോര്‍ട്ടോര്‍വാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. റോഡ് നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന അധികൃതര്‍ അതിക്രമിച്ചു കയറി വാഹനം പിടിച്ചെടുത്തെന്നും രജിസ്ട്രഷന്‍ റദ്ദാക്കിയെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന എബിന്‍ വര്‍ഗീസിന്റെയും ലിബിന്‍ വര്‍ഗീസിന്റെയും പക്കലുള്ള ‘നെപ്പോളിയന്‍’ എന്ന പേരിലുള്ള കെഎല്‍ 73 ബി 777 നമ്പറിലുള്ള ഫോഴ്സ് ട്രാവറലറിന്റെ രജിസ്‌ട്രേഷനാണു റദ്ദാക്കിയിരുന്നത്. വാഹനത്തില്‍ നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് ഇവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു കണ്ട് രജിസ്‌ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഓഗസ്റ്റ് എട്ടിനാണു വാഹനം ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിനു ഫീസായി 6400 രൂപയും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനു പിഴയായി 42,000 രൂപയും നല്‍കണമെന്നു ഇ ബുള്‍ ജെററ്റ് സഹോദരങ്ങള്‍ നല്‍കിയ നോട്ടിസില്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒന്‍പതിന് കണ്ണൂര്‍ ആര്‍ടി ഓഫീസിലെത്താനായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം.
ഒന്‍പതിന് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തിയ ഇരുവരും ബഹളം വച്ചതോടെ വിഷയം മാറുകയും പോലീസ് കേസായിത്തീരുകയും ചെയ്തിരുന്നു. ഏറെ നേരം നീണ്ടുനിന്ന നാടകീയ സംഭവങ്ങള്‍ക്കാണ് അന്ന് ആര്‍ടിഒ ഓഫീസും പോലീസ് സ്‌റ്റേഷനും സാക്ഷ്യം വഹിച്ചത്. ഓഫീസില്‍ പ്രശ്നമുണ്ടാക്കി, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിച്ചു തുടങ്ങി ഒമ്പതോളം വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
എന്നാല്‍, പിറ്റേദിവസം തന്നെ എബിനും ലിബിനും കോടതി ജാമ്യം അനുവദിച്ചു. കേസ് കെട്ടിചമച്ചതാണെന്നായിരുന്നു ഇവരുടെ വാദം. മോട്ടോര്‍വാഹന വകുപ്പ് ചുമത്തിയ പിഴ അടയ്ക്കാന്‍ തയാറാണെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.