തിരുവനന്തപുരം: നഗരത്തിൽ ഓടുന്ന ഇ-ബസുകളുടെ കൂടുവിട്ട് കൂടുമാറ്റത്തിൽ വലഞ്ഞ് യാത്രക്കാർ. മണിക്കൂറുകൾക്കു മുൻപ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്തവർ മടക്കയാത്രയ്ക്കു കൊടുക്കേണ്ടിവരുന്നത് കൂടുതൽ തുക. അപ്പോഴേക്കും സിറ്റി സർവീസ് എന്നത് സിറ്റി ഫാസ്റ്റായി മാറും. ലാഭകരമായിരുന്ന സിറ്റി സർക്കുലർ മാറിമറിയുന്നത് ഫോണിലും വാട്‌സാപ്പിലും ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉത്തരവുകളായി ഇറങ്ങാത്തതിനാൽ ആർക്കും ഒരുനിശ്ചയവുമില്ല. ഗതാഗതമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിയന്ത്രണത്തിലാണ് സർവീസും റൂട്ടുമൊക്കെ മാറുന്നത്. ഉന്നതതല നിർദേശങ്ങൾക്ക് യൂണിയൻകാരുടെ മൗനാനുവാദവുമുണ്ട്.
നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡുകൾ സർക്കുലർ സർവീസിന്റെ കേന്ദ്രമാകുന്നതിലെ അമർഷത്തിലാണ് തൊഴിലാളിസംഘടനകൾ. സ്വിഫ്ടിലെ ജീവനക്കാരെയാണ് ഇലക്ട്രിക് ബസിലേക്കു നിയോഗിക്കുന്നത്. സിറ്റി, വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട് ഡിപ്പോകളിൽ സ്വിഫ്ട് സർവീസുകൾ മാത്രമാകും. ഇ-ബസുകൾ വ്യാപകമാകുന്നതോടെ ഡിപ്പോകൾ സ്വിഫ്ടിനു കൈമാറാനുള്ള നീക്കമാണെന്ന് തൊഴിലാളിസംഘടനകൾ ആരോപിച്ചിരുന്നു. അതിനാൽ സിറ്റി സർക്കുലറിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ അവർ ഇടപെടുന്നില്ല. സ്വിഫ്ട് പൊളിക്കാനുള്ള നീക്കങ്ങളിൽ ഇവർ ഒറ്റക്കെട്ടാണ്.