ന്യൂഡൽഹി : കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതിയ ഇ കൊമേഴ്സ് ചട്ടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ആമസോൺ, ടാറ്റ എന്നീ ഓൺലൈൻ വാണിജ്യ കമ്പനികളുടെ പ്രതിനിധികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
ഇതു സംബന്ധിച്ചുള്ള ആശങ്കകൾ കൺസ്യൂമർ അഫയേഴ്സ് വിഭാഗത്തോടും ഇവർ നേരത്തെ പങ്കുവെച്ചിരുന്നു. ചട്ടങ്ങളെക്കുറിച്ചുള്ള പ്രതികരണം സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ആറിൽനിന്നു നീട്ടി നൽകണമെന്നും കമ്പനികളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഫ്ലാഷ് വിൽപ്പനയിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെ പുതിയ ചട്ടത്തിൽ പറയുന്ന ഒട്ടേറെ കാര്യങ്ങൾ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്പനികളുടെ അധികൃതർ പറയുന്നത്.
ഉപഭോക്താക്കളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂൺ 21നാണ് പുതിയ ഇ കൊമേഴ്സ് ചട്ടങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പെടെയുള്ള കമ്പനികൾ ഇതിൽ ആശങ്ക രേഖപ്പടുത്തി. ഫ്ലാഷ് സെയിലുകളുടെ നിയന്ത്രണത്തിനു പുറമെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾക്കുള്ള വിലക്ക്, പരാതി പരിഹാരത്തിനായി പുതിയ സംവിധാനങ്ങൾ തുടങ്ങിയവയും പുതിയ ചട്ടത്തിൽ ഉൾപ്പെടുന്നു.
ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനാണു പുതിയ ചട്ടങ്ങൾ എന്നു ചർച്ചയിൽ കൺസ്യൂമർ മന്ത്രാലയത്തിലെ പ്രതിനിധി വാദിച്ചതായാണു റിപ്പോർട്ടുകൾ. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണു പുതിയ ചട്ടങ്ങൾ എങ്കിലും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണു റിലയൻസിന്റെ പ്രതിനിധി പ്രതികരിച്ചത്.
ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള കമ്പനികൾ ഒരു വിഭാഗം വിൽപ്പനക്കാർക്കു മാത്രം മുന്തിയ പരിഗണനയാണു നൽകുന്നതെന്നും വിദേശ നിക്ഷേപ നിയമത്തിന്റെ ലംഘനം നടത്തുന്നതായും ഇന്ത്യയിലെ ഒരു വിഭാഗം ചെറുകിട വിൽപ്പനക്കാർ പരാതികൾ ഉയർത്തുന്നതിനിടെയാണു സർക്കാർ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ നിയമങ്ങൾക്കു വിധേയമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളെന്നാണു കമ്പനികളുടെ നിലപാട്.