ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ കൃത്രിമം കാണിക്കൽ, വ്യാജ വിലക്കിഴിവുകൾ എന്നിവ തടയുന്നതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇ-കൊമേഴ്സ് നിയമങ്ങളിൽ കർശന ഭേദഗതി വരുത്തി. കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കൊമേഴ്സ്) റൂൾസിൽ വരുത്തിയ ഈ ഭേദഗതികൾ 2027 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. 2025-ൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിൽ ലഭിച്ച 17,71,622 പരാതികളിൽ 29 ശതമാനത്തോളം (5,11,196 പരാതികൾ) ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. ഈ സാഹചര്യത്തിൽ, പുതിയ മാറ്റമനുസരിച്ച് എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളും സർക്കാരിന്റെ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനുമായി നേരിട്ട് ബന്ധിപ്പിക്കണം. ഉപഭോക്താക്കൾ നൽകുന്ന പരാതികളുടെ പകർപ്പ് പരാതിക്കാരന് നൽകണം.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ വെബിലെ തിരച്ചിലിനെ ബാധിക്കുന്ന രീതിയിലോ സെർച്ച് റിസൽറ്റുകളിൽ മാറ്റം വരുത്തുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി. സെർച്ച് റിസൽറ്റുകളിൽ പണം നൽകി പ്രാമുഖ്യം നൽകുന്ന പോസ്റ്റുകൾക്ക് അത് സ്പോൺസർ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന അറിയിപ്പുകൾ നൽകണം. ഇതുകൂടാതെ വ്യാജ വിലക്കിഴിവുകൾ കാണിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ഇനി സാധിക്കില്ല. അതായത് വിലക്കിഴിവ് പ്രഖ്യാപിക്കുന്നതിനു മുൻപ് ഉത്പന്നത്തിന്റെ വില വർധിപ്പിച്ച് വിൽപ്പനയ്ക്ക് വെക്കുകയും പിന്നീട് വീണ്ടും വിലകുറച്ച് വിലക്കിഴിവെന്ന രീതിയിൽ പരസ്യം ചെയ്യുകയും ചെയ്യുന്നത് ഇനി നടക്കില്ല. ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിക്കുമ്പോൾ, കുറച്ച വിലയ്ക്കൊപ്പം കഴിഞ്ഞ 30 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയും പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമായി പ്രദർശിപ്പിക്കണം.































