കൊച്ചി : എറണാകുളം നഗരത്തിൽ മാധവ ഫാർമസി ജംഗ്ഷനിലടക്കം കാനകൾ തുറന്നുകിടക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നഗരത്തോട് ഉദ്യോഗസ്ഥർക്ക് മമതയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കാനകൾ അപകടമുണ്ടാക്കിയാൽ ബന്ധപ്പട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്നും മുന്നറിയിപ്പു നൽകി. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കൊച്ചിയെ കൂടുതൽ മനോഹരമാക്കുന്നതിന് അധികൃതർക്ക് ഏറെ ചെയ്യാനാകും. മറ്റുനഗരങ്ങൾക്കൊന്നുമില്ലാത്ത ദുർഗതിയാണ് ഇത്. ഡോ.എ.പി.ജെ. അബ്‌ദുൾ കലാമിന്റെ പേരിലുള്ള ആയുർവേദാശുപത്രിക്ക് മുന്നിൽ നടപ്പാതയില്ല.
പ്രധാന കേന്ദ്രമായ മാധവ ഫാർമസി ജംഗ്ഷനിൽ ഓടകൾ തുറന്നുകിടക്കുകയാണ്. എം.ജി. റോഡിലെ നടപ്പാത നവീകരിക്കണമെന്ന ഉത്തരവും പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എം.ജി. റോഡിലെ നടപ്പാതകൾ നവീകരിക്കുന്നതിന് ടെൻഡറുകൾ സ്വീകരിച്ചതായും നിർമ്മാണജോലികൾ ഉടൻ തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കോഴിക്കോട് ബൈപ്പാസിൽ റോഡ് നിർമ്മാണത്തിനായി തീർത്ത വെള്ളക്കെട്ടുള്ള കുഴിയിൽവീണ് ഡെലിവറി ഏജന്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി ദേശീയപാതാ അതോറിറ്റിയുടെ റിപ്പോർട്ട് തേടി. നെടുമങ്ങാട് നഗരസഭയിലെ 22, 23, 24 വാർഡുകളിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ഒരുകൂട്ടം വിദ്യാർത്ഥികൾ കോടതിക്ക് അയച്ച കത്തും പരാമർശിച്ചു.