ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന് (ഇ.ഐ.എ) എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി വീണ്ടും. രാജ്യത്തെ കൊള്ളയടിക്കലാണ് ഇ.ഐ.എയുടെ ലക്ഷ്യമെന്ന കാര്യം വ്യക്തമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കുന്ന, തങ്ങളുടെ ‘സുഹൃത്തുക്കള്‍’ക്ക് വേണ്ടി ബി.ജെ.പി സര്‍ക്കാര്‍ കാര്യങ്ങള്‍ മാറ്റിമറിക്കുന്നതിന്റെ മറ്റൊരു വലിയ ഉദാഹരമാണ് പരസ്ഥിതി വിജ്ഞാപന പരിഷ്‌ക്കാരം എന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്നെ വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോകാന്‍ സാധിക്കും. 100 ഹെക്ടര്‍ വരെയുള്ള ഖനികള്‍, പെട്രോളിയം പദ്ധതികള്‍, ഡിസ്റ്റലറി തുടങ്ങിയവയടക്കം കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികള്‍ക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ല എന്നത് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്.
2006ലെ വ്യവസ്ഥകള്‍ അസാധുവാക്കുന്ന പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണമാകുമെന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ കരടില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ദിവസം ചൊവ്വാഴ്ച അവസാനിക്കും.