തിരുവനന്തപുരം : എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരായ വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് കാട്ടി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കി പോലീസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഹാജരാകാന്‍ ആകില്ലെന്ന് ഫര്‍സിന്‍ മജിദ് പോലീസിനെ അറിയിച്ചു. നിയമോപദേശം തേടി തീരുമാനമെടുക്കാമെന്ന് പോലീസ് നോട്ടീസില്‍ പറഞ്ഞിട്ടുണ്ടെന്ന് ഫര്‍സിന്‍ മജിദ് വ്യക്തമാക്കി. എന്നാല്‍ തിരുവനന്തപുരത്തേക്ക് പോകരുതെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹാജരായിരുന്നില്ല. ഹൈകോടതി ജാമ്യ വ്യവസ്ഥ ചൂണ്ടികാട്ടിയാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹാജരാകാതിരുന്നത്.
ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലെ പ്രതികള്‍ കൂടിയായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനുമാണ് മൊഴി നല്‍കാന്‍ ഹാജരാകാന്‍ തിരുവനന്തപുരം വലിയതുറ പോലീസ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഇവര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ഈ ജാമ്യ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ മൊഴി നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് കഴിഞ്ഞ തവണ നോട്ടീസ് നല്‍കിയപ്പോള്‍ ഇവര്‍ നല്‍കിയ മറുപടി.
ഇ.പി ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പോലീസ് ഇ.പി ജയരാജനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പി.എ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്തത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസില്‍ പ്രതികളാക്കപ്പെട്ട യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ഇവര്‍ക്കെതിരായാണ് ഇ.പി ജയരാജന്റെയും മറ്റും പരാതി. ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം സുനീഷും ഗണ്‍മാന്‍ അനില്‍കുമാറും ചേര്‍ന്ന് മര്‍ദിച്ചുവെന്ന യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇപിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംഭവമുണ്ടായതിന് പിന്നാലെ അനില്‍കുമാറിന്റെ പരാതിയില്‍ യൂത് കോണ്‍ഗ്രസുകാര്‍ക്കെതിരെ മാത്രമായിരുന്നു പോലീസ് കേസെടുത്തത്. ഇപിക്കെതിരെയും കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പോലീസ് തള്ളുകയും ചെയ്തു.
അനില്‍കുമാര്‍ ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയതെന്നായിരുന്നു പോലീസിന്റെ വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ് ചെയ്തതെന്ന് കണ്ടെത്തി ഇന്‍ഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്കായിരുന്നു സര്‍കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്.