പാലക്കാട്: കീശയിൽ കാശില്ലെന്നോ ചില്ലറയില്ലെന്നോ കരുതി ഇനി ബസിൽ കയറാൻ മടിക്കേണ്ട. സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ഇ-പെയ്‌മെന്റ് സംവിധാനം ഒരുങ്ങുന്നു. ഓൾ കേരള ബസ് ഓപ്പറേറ്റേവ്‌സ് ഓർഗനൈസേഷനാണ് യാത്രക്കാർക്ക് സൗകര്യപ്രദമാകും വിധം സംവിധാനമൊരുക്കുന്നത്.കൊച്ചിയിലെ ഐടി സ്റ്റാർട്ടപ്പായ ഗ്രാൻഡ് ലേഡിയുമായി കൈകോർത്താണ് ബസുകളിൽ ഇ-പെയ്‌മെന്റ് സംവിധാനം ഒരുക്കുന്നത്. ജിഎൽ പോൾ എന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുക. ഇ-പെയ്‌മെന്റ് സേവനങ്ങളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള വേൾഡ്‌ലൈൻ ആണ് സംരംഭത്തിന് സാങ്കേതിക പിന്തുണ നൽകുക.
ഇതിനുള്ള ആപ്പിലൂടെയാണ് എടിഎം, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് , യുപിഐ എന്നിവയിലൂടെ ടിക്കറ്റ് നിരക്ക് വാങ്ങാൻ സാധിക്കും.ആദ്യ ഘട്ടത്തിൽ പാലക്കാട് ജില്ലയിലെ 84 ബസുകളിലാണ് സംവിധാനമൊരുക്കുക. പിന്നീട് സംസ്ഥാനത്തെ ആയിരം ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു..വൈഫൈ സംവിധാനമുള്ള കാർഡാണെങ്കിൽ യന്ത്രത്തിന് മുകളിൽ കാണിക്കുമ്പോൾ ടിക്കറ്റ് എടുക്കാൻ സാധിക്കും. ഇതോടെ പണം നൽകിയാൽ ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിക്ക് പരിഹാരമാകും. ഇന്ന് രാവിലെ പതിനൊന്നിന് പദ്ധതിയുടെ ഉദ്ഘാടനം എംപി വികെ ശ്രകണ്ഠൻ നിർവഹിക്കും.