പത്തനംതിട്ട : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍പേഴ്‌സണായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന ഇ-സഞ്ജീവനി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍, ടെലി മെഡിസിന്‍ ജില്ലാ നോഡല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജിലെ ടെലി മെഡിസിന്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.
പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്‌പെഷലിസ്റ്റ് സേവനങ്ങള്‍ ഇ-സഞ്ജീവനിയിലൂടെ നല്‍കുന്നത് വഴി ആരോഗ്യ മേഖലയ്ക്ക് സമഗ്ര വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് കമ്മിറ്റി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍ എന്നിവിടങ്ങളിലെ ആരോഗ്യ മേഖലയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത് പദ്ധതിയുടെ വിജയമായി കാണണമെന്നും കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമാണ് ഇ-സഞ്ജീവനിയിലൂടെ ലഭ്യമാകുന്നത്.