ദില്ലി : സാമൂഹ്യ മാധ്യമങ്ങള്‍ വഴി തൊഴില്‍ വാഗ്‌ദാനം ചെയ്‌ത് ആളുകളെ പറ്റിക്കുന്ന പരിപാടി വര്‍ധിച്ചുവരികയാണ്. വര്‍ക്ക് ഫ്രം ഹോം അടക്കമുള്ള സൗകര്യങ്ങള്‍ വാഗ്‌ദാനം ചെയ്‌തു കൊണ്ടാണ് പല തൊഴില്‍ ഓഫറുകളും പ്രചരിക്കുന്നത്. സ്വപ്‌നതുല്യമായ ശമ്പളവും ഇത്തരക്കാര്‍ വാഗ്‌ദാനം ചെയ്യുന്നു. മതിയല്ലോ ആളുകള്‍ക്ക് തൊഴില്‍ ഓഫറുകളില്‍ തലവെക്കാന്‍. ഇത്തരത്തില്‍ ആളുകള്‍ ഏറെ വിശ്വസിച്ച ഒരു തൊഴില്‍ ഓഫറിന്റെ യാഥാർത്ഥ്യം മനസിലാക്കാം. ഡെംകോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെ പേരിലാണ് തൊഴില്‍ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ വര്‍ക്ക്‌ഫ്രം ഹോമായി പാര്‍ട്‌ടൈം ജോലികള്‍ ലഭ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാധിക എന്നയാളുടെ പേരില്‍ സന്ദേശം വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.
ഇന്ത്യന്‍ പൗരന്‍മാരെ മാത്രമേ ജോലിക്ക് എടുക്കുകയുള്ളൂ. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ജോലികള്‍ ലഭ്യമാണ്. എല്ലാ ദിവസവും 2000 മുതല്‍ 5000 രൂപ വരെ ബോണസ് ലഭിക്കും. 10000 രൂപയാണ് ആഴ്‌ചയില്‍ ബേസിക് സാലറി അലവന്‍സ്. ഇത്രയും പ്രതിഫലം ലഭിക്കാന്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ പണിയെടുത്താല്‍ മതി. ഓണ്‍ലൈന്‍ ബാങ്കിംഗ്, പേടിഎം, ജിപെ, യുപിഐ വഴിയാകും ശമ്പളം അക്കൗണ്ടിലെത്തുക. നിലവില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അതിനെ ബാധിക്കാത്ത തരത്തില്‍ ഈ ജോലി ചെയ്യാം. ഗൂഗിള്‍ മാപ്പില്‍ റസ്റ്റോറന്‍റുകള്‍ റിവ്യൂ ചെയ്യുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ.
ഈ ജോലി നിങ്ങള്‍ക്ക് പറ്റിയതാണോ എന്ന് ട്രെയല്‍ ചെയ്യുമ്പോള്‍ തന്നെ 210 രൂപ ബോണസായി ലഭിക്കുമെന്നും വൈറല്‍ സന്ദേശത്തില്‍ പറയുന്നു. നിരവധി പേര്‍ക്കാണ് വാട്‌സ്‌ആപ്പ് വഴി ഈ മെസേജ് കിട്ടിയത്. ഇത്തരമൊരു തൊഴില്‍ ഓഫറുള്ളതായി ഡാംകോ ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ കണ്ടെത്താനായില്ല. അവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും ഇത്തരമൊരു വാഗ്‌ദാനം കിടപ്പില്ല. പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നുറപ്പിക്കാം. ഈ വ്യാജ ഓഫറില്‍ തലവെച്ച് ആരും വ്യക്തിവിവരങ്ങളും അക്കൗണ്ട് വിവരങ്ങളും നല്‍കി വഞ്ചിതരാവരുത്.