കോഴിക്കോട് : കേരളത്തില്‍ ജനവാസമേഖലയിലിറങ്ങി പ്രശ്നങ്ങളുണ്ടാക്കുന്ന കടുവകളെയും പുലികളെയും കൂടുവെച്ച് പിടികൂടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നത് പരിശോധിക്കുകയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ പരിശോധിച്ച് നാളെ രാവിലെയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡനോട് ആവശ്യപ്പെട്ടെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച വയനാട് മൂടക്കൊല്ലിയില്‍ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നതെന്നും വളര്‍ത്തു പന്നികളെ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരം നല്‍കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
പന്തല്ലൂരിൽ തമിഴ്നാട് വനം വകുപ്പ് കാടിനകത്ത് എന്തെങ്കിലും സഹായങ്ങൾ ആവശ്യപ്പെട്ടാൽ നൽകും. അവിടുത്തെ പ്രശ്നം പരിഹരിക്കാൻ തമിഴ്നാട് വനം വകുപ്പ് സുസജ്ജമാണെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. ഇതിനിടെ വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പന്തല്ലൂരിൽ മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ കണ്ടെത്തിയതായി സൂചന. പ്രദേശം വളഞ്ഞ് വനംവകുപ്പ് സംഘം പരിശോധന തുടരുകയാണ്. കുഞ്ഞിനെ ആക്രമിച്ച സ്ഥലത്തിന് സമീപ പ്രദേശത്താണ് പുലിയെ കണ്ടെത്തിയെന്നാണ് സൂചന. പുലിയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെതുടര്‍ന്ന് തൊണ്ടിയാളം അംബ്രോസ് വളവ് ഭാഗത്ത് വനം വകുപ്പ് ഗതാഗതം വിലക്കി.