പനാജി: 27ഉം 29ഉം വയസ്സ് പ്രായമുള്ള രണ്ട് സഹോദരന്മാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോഷകാഹാരക്കുറവ് കാരണമാണ് മരണമെന്നാണ് ഓട്ടോപ്സി റിപ്പോർട്ട്. കുറച്ചു ദിവസമായി ഇവർ ദിവസവും ഒരു ഈത്തപ്പഴം മാത്രമാണ് കഴിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സഹോദരങ്ങളുടെ അമ്മയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഗോവയിലെ മർഗോവിലാണ് സംഭവം. എഞ്ചിനീയറായ മുഹമ്മദ് സുബർ ഖാൻ (29), ഇളയ സഹോദരൻ അഫാൻ ഖാൻ (27) എന്നിവരാണ് മരിച്ചത്. അവരുടെ അമ്മ റുക്സാന ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. റുക്സാനയുടെ ഭർത്താവ് നസിർ ഖാൻ മക്കളുടെയും ഭാര്യയുടെയും കടുത്ത ഉപവാസത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് കുറച്ചുകാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നസിർ ബുധഴാഴ്ച ഇവരെ കാണാൻ വീട്ടിലെത്തിയിരുന്നു. പക്ഷേ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. പോലീസെത്തി ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോള്‍ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ അമ്മയെ കട്ടിലിൽ അബോധാവസ്ഥയിൽ കണ്ടെത്തി. വീട്ടിൽ ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കുറച്ച് ദിവസം മുൻപും നസിർ വീട്ടിൽ എത്തിയിരുന്നെങ്കിലും ഭാര്യയും മക്കളും അകത്തു കടക്കാൻ അനുവദിച്ചില്ലെന്ന് പോലീസ് പറയുന്നു.
മുഹമ്മദ് സുബർ സിന്ധുദുർഗിലെ സാവന്ത്‌വാഡിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. അഫാൻ ബികോം ബിരുദധാരിയാണ്. സഹോദരങ്ങൾ പിന്നീട് മാതാപിതാക്കളോടൊപ്പം മർഗോവിലേക്ക് താമസം മാറി. തുടർന്ന് ഇവർ ജോലിയൊന്നും ചെയ്യുന്നുണ്ടായിരുന്നില്ലെന്ന് അഖ്ബർ പറഞ്ഞു. യുവാക്കളും അമ്മയും കുറച്ചുമാസങ്ങളായി വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ലെന്നും എല്ലാവരെയും അകറ്റിനിർത്തിയിരുന്നുവെന്നും പിതൃസഹോദരനായ അഖ്ബർ ഖാൻ പറഞ്ഞു. ഇവരുടെ ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും കാരണം നസിർ മർഗോവിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയെന്നും അഖ്ബർ പറഞ്ഞു.
എന്തുകൊണ്ടാണ് അമ്മയും മക്കളും ഭക്ഷണം കഴിക്കുന്നത് നിർത്തിയതെന്ന് അറിയില്ലെന്ന് അഖ്ബർ പറഞ്ഞു. കുടുംബം സാമ്പത്തികമായി നല്ല നിലയിലാണ്. അവർ എന്തെങ്കിലും മാനസിക സമ്മർദം അനുഭവിച്ചിരുന്നോയെന്ന് അറിയില്ലെന്ന് അഖ്ബർ പറഞ്ഞു. സുബറും അഫാനും റുക്‌സാനയും ദിവസവും ഒരു ഈത്തപ്പഴം മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂവെന്നും കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. വീട്ടുസാധനങ്ങള്‍ വാങ്ങാൻ സഹോദരങ്ങളുടെ പിതാവ് കുറച്ചുപണം വീട്ടിലെ താക്കോൽ പഴുതിലൂടെ ഉള്ളിലേക്ക് ഇടാറുണ്ടായിരുന്നു. ഏതാനും ആഴ്ചകളായി ആ ദ്വാരം അടച്ച നിലയിലാണ്. ആളുകൾ വീട്ടിലേക്ക് വരുന്നത് തടയാൻ വീടിൻ്റെ പ്രധാന വാതിലിനോട് ചേർന്ന് കുറച്ച് ഫർണിച്ചറുകളും ഇട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. റുക്സാനയുടെ ആരോഗ്യനില ഭേദമായ ശേഷം മൊഴിയെടുത്താലേ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് പറഞ്ഞു.