വലിയൊരു പരിധി വരെ ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നത് ഡയറ്റ് അടക്കമുള്ള ലൈഫ്സ്റ്റൈലാണ്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ മാതളം ദിവസവും മൂന്നെണ്ണം വീതം കഴിക്കുന്നത് നല്ലതാണ്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് മാതളം. ഇത് രക്തകോശങ്ങള്‍ വര്‍ധിപ്പിക്കാനും മറ്റുമായി ഡോക്ടര്‍മാര്‍ തന്നെ കഴിക്കാന്‍ നിര്‍ദേശിക്കാറുള്ളതാണ്. അത്രമാത്രം പോഷകങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. മാതളത്തിലുള്ള ആന്‍റി-ഓക്സിഡന്‍റുകള്‍ ധമനികളെ ശുദ്ധീകരിക്കുകയും ബിപി കുറയ്ക്കുകയും ഇവയിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സൂക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ ബിപിയുള്ളവര്‍ക്കും മാതളം ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു ഓപ്ഷന്‍ തന്നെ.
മാതളം കഴിക്കുന്നത് കൊണ്ട് മാത്രമായില്ല, ഹൃദയത്തിന് ഗുണകരമാകുന്ന ഡയറ്റ് ഈ വശത്ത് പാലിക്കുകയും ചെയ്യേണ്ടതുണ്ട്. കൊളസ്ട്രോള്‍ കൂടുതലുണ്ടാകാന്‍ പാടില്ല. ഉണ്ടെങ്കില്‍ അത് നിയന്ത്രിക്കുന്ന രീതിയിലുള്ള ഡയറ്റായിരിക്കണം പാലിക്കുന്നത്. അതുപോലെ തന്നെ പ്രമേഹവും. ശരീരഭാരം കൂടുന്നതും ഹൃദയത്തിന് അത്ര ഗുണകരമല്ല. ധാരാളം ഫൈബറടങ്ങിയ ഭക്ഷണം, പച്ചക്കറികളും പഴങ്ങളും, ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ ഡയറ്റിലുള്‍പ്പെടുത്തുക. ട്രാന്‍സ് ഫാറ്റ്- സാച്വറേറ്റഡ് ഫാറ്റ് എന്നിവയടങ്ങിയ ഭക്ഷണം, ഉപ്പ് കാര്യമായ അടങ്ങിയ ഭക്ഷണം എന്നിവ പരമാവധി ഒഴിവാക്കുക, അല്ലെങ്കില്‍ നല്ലതുപോലെ നിയന്ത്രിക്കുക. മദ്യപാനവും പുകവലിയും നിര്‍ബന്ധമായും ഉപേക്ഷിക്കുകയും ചെയ്യുക.