കൊച്ചി : കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി തീരുംമുമ്പ് നടത്താമെന്ന നിലപാട് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്. ഹൈക്കോടതിയിലാണ് കമ്മിഷന് തങ്ങളുടെ മുന്‍നിലപാട് പിന്‍വലിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാമെന്ന് കമ്മിഷന് കോടതിയില്‍ അറിയിച്ചു.
നിയമസഭാ സെക്രട്ടറിയും സിപിഎം നേതാവ് എസ്.ശര്‍മ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി കമ്മിഷന്റെ നിലപാട് ആരാഞ്ഞത്. തെരഞ്ഞെടുപ്പ് മരവിപ്പിച്ചത് അംഗങ്ങളുടെ വോട്ടവകാശം നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇന്ന് കേസിന്റെ വാദം നടന്നുകൊണ്ടിരിക്കെ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വാക്കാല്‍ പറഞ്ഞിരുന്നു. ഇത് കോടതി രേഖപ്പെടുത്തുകയും ചെയ്തു. ഏഴാം തീയതി കേസ് വീണ്ടും കേള്‍ക്കാന്‍ മാറ്റുകയും ചെയ്തു.
ഇതിന് ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് കമ്മിഷന് കോടതിയെ അറിയിച്ചത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം, തിങ്കളാഴ്ച കേസ് പരിഗണിക്കണം എന്നീ ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുവെച്ചു. ആവശ്യം അംഗീകരിച്ച ജസ്റ്റീസ് പി.വി ആശ കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു.
ഏപ്രില്‍ 21ന് ഒഴിയുന്ന വയലാര്‍ രവി, കെ.കെ രാഗേഷ്, പി.വി അബ്ദുള്‍ വഹാബ് എന്നീ എംപിമാരുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ വര്‍ഷം ജൂണ്‍ രണ്ടുവരെ അംഗങ്ങള്‍ക്ക് കാലാവധിയുണ്ട്.